ഗോൾഡ് ലൈനിൽ അറ്റകുറ്റപ്പണി; നാളെ ഗതാഗതനിയന്ത്രണം
text_fieldsമെട്രോ ഗോൾഡ് ലൈൻ ബദൽ ബസ് സർവിസ് റൂട്ട്, ദോഹ മെട്രോ
ദോഹ: ദോഹ മെട്രോയുടെ റെഡ് ലൈനിനും ഗ്രീൻ ലൈനിനും പിന്നാലെ വെള്ളിയാഴ്ച ഗോൾഡ് ലൈനിലും അറ്റകുറ്റപ്പണി. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച ഈ റൂട്ടിൽ ഖത്തർ റെയിൽ അധികൃതർ ഗതാഗതനിയന്ത്രണം പ്രഖ്യാപിച്ചു. ഗോൾഡ് ലൈനിൽ മെട്രോ ഒരു ദിവസത്തേക്ക് സർവിസ് നടത്തില്ലെന്നും പകരം ബസുകൾ ഓടുമെന്നും അധികൃതർ അറിയിച്ചു.
അൽഅസീസിയ മുതൽ റാസ് അബു അബൂദ് വരെയും, റാസ് അബു അബൂദ് മുതൽ അൽ അസീസിയ വരെയും റൂട്ട് ഒന്നും രണ്ടും സർവിസുകളിലായി ബസ് ഓടും. അൽ സദ്ദിനും ബിൻ മഹ് മൂദിനുമിടയിൽ ഷട്ട്ൽ സർവിസുമായി റൂട്ട് മൂന്നിലും ബസ് സർവിസ് ഉണ്ടാകും. ഒന്നും രണ്ടും റൂട്ടിൽ എല്ലാ അഞ്ചു മിനിറ്റിലും മൂന്നാം റൂട്ടിൽ ഓരോ 10 മിനിറ്റിലുമായാണ് ബസുകളുടെ സർവിസ്.
കഴിഞ്ഞ രണ്ട് ആഴ്ചകളിലെ വെള്ളിയാഴ്ചയാണ് മറ്റു രണ്ടു ലൈനുകളിലും അറ്റകുറ്റപ്പണി വിജയകരമായി പൂർത്തിയാക്കിയത്. ബദൽ ബസ് സർവിസുകൾ ഏർപ്പെടുത്തിയതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായില്ല.
അസീസിയ, സ്പോർട്സ് സിറ്റി, അൽ വാബ്, അൽ സുദാൻ, ജുആൻ, അൽ സദ്ദ്, ബിൻ മഹ്മൂദ്, അൽ ബിദ്ദ, മിഷൈരിബ്, സൂഖ് വാഖിഫ്, നാഷനൽ മ്യൂസിയം, റാസ് അബു അബൂദ് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് ഗോൾഡ് ലൈൻ സർവിസ് നടത്തുന്നത്. വെള്ളിയാഴ്ച എം 316 മെട്രോ ലിങ്ക് ബസ് ഷെൽട്ടർ ഒന്നിൽനിന്നായിരിക്കും സർവിസ് ഉണ്ടാവുക.

