ഖത്തർ കപ്പ്: അൽ വക്റ ജേതാക്കൾ
text_fieldsഅൽ വക്റ ടീമിന് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി ട്രോഫി സമ്മാനിക്കുന്നു
ദോഹ: ചാമ്പ്യൻ ക്ലബുകളുടെ പോരാട്ടമായ ഖത്തർ കപ്പ് ഫുട്ബാൾ കിരീടമണിഞ്ഞ് അൽ വക്റ. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ അൽ റയ്യാൻ എസ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് അൽ വക്റ കിരീടമണിഞ്ഞത്. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 80ാം മിനിറ്റിൽ നാസർ അൽ യസിദി വിജയ ഗോൾ കുറിച്ചു. കഴിഞ്ഞ ലീഗ് സീസണിലെ ആദ്യ നാലു സ്ഥാനക്കാരാണ് ഖത്തർ കപ്പിൽ മത്സരിക്കുന്നത്. സെമിയിൽ അൽ വക്റ അൽസദ്ദിനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയപ്പോൾ, അൽ റയാൻ 2-1ന് അൽ ഗറാഫയെ തോൽപിച്ചു. ചാമ്പ്യന്മാർക്ക് ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി ട്രോഫി സമ്മാനിച്ചു.

