സുന്ദരകാഴ്ചയായി റവാബി കാറ്റ്ഷോ
text_fieldsദോഹ: അന്താരാഷ്ട്ര പൂച്ച ദിനത്തിൽ സുന്ദരികളും സുന്ദരന്മാരുമായ പൂച്ചകളെ അണിനിരത്തി റവാബി ഹൈപ്പർമാർക്കറ്റ് ഇസ്ഗാവയിൽ സംഘടിപ്പിച്ച ഖത്തറിലെ തന്നെ ഏറ്റവും വലിയ കാറ്റ്ഷോ ശ്രദ്ധേയമായി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ നടന്ന കാറ്റ്ഷോയിൽ പങ്കെടുക്കാൻ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രിയപ്പെട്ട വളർത്തുപൂച്ചകളുമായി നിരവധി പേർ എത്തിയപ്പോൾ സന്ദർശകരും ഒഴുകിയെത്തി. ആനിമൽസ് കിങ്ഡം റെസ്ക്യ ടീം സ്ഥാപകൻ ഹമദ് അലി അൽ അൻസാരി കാറ്റ്ഷോ ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുൽറഹ്മാൻ ഉംറൈയ, ഖത്തർ ലിവിങ് അവതാരകൻ ഉസ്മാൻ അബ്ദുൽ മജീദ്, റവാബി ജനറൽ മാനേജർ കണ്ണു ബകർ, പർച്ചേസ് മാനേജർ പി.പി ഇസ്മായിൽ, ഓപറേഷൻ മാനേജർ ജോജോ റോബർട്, മാർക്കറ്റിങ് മാനേജർ സജിത്, അഡ്മിൻ മാനേജർ റഹീസ്, ഐ.ടി മേധാവി റിനേഷ്, റവാബി ഇസ്ഗാവ മാനേജർ എം. ജാഫർ എന്നിവർ പങ്കെടുത്തു.
വളർത്തുമൃഗങ്ങൾ ഉൾപ്പെടെയുള്ളവക്ക് കരുതലും ക്ഷേമവും നൽകുകയും പ്രോത്സാഹിപ്പിക്കുകയുമാണ് കാറ്റ്ഷോയിലൂടെ ലക്ഷ്യമിടുന്നതെന്നും, അവയെ പരിപാലിക്കുന്നതിന്റെയും നല്ല സാഹചര്യങ്ങൾ ഒരുക്കുന്നതിന്റെയും സന്ദേശം ഇതിലൂടെ നൽകുകയാണെന്നും റവാബി ജനറൽ മാനേജർ കണ്ണു ബകർ പറഞ്ഞു.
വൈവിധ്യമാർന്ന പരിപാടികളോടെയായിരുന്നു ഷോ നടന്നത്. അലങ്കാരങ്ങളും ഉടുപ്പുകളുമണിഞ്ഞ് സുന്ദരികളായി അരുമകൾ അണിനിരന്നപ്പോൾ കാഴ്ചക്കാർക്കും ആവേശമായി.
വിദഗ്ധ സമിതിയുടെ വിധി നിർണയത്തിനൊടുവിലായിരുന്നു ‘ബിഗ്ഗസ്റ്റ് കാറ്റ് ഷോ’യിലെ വിജയികളെ തെരഞ്ഞെടുത്തത്. ഒന്നാം സ്ഥാനക്കാർക്ക് 1000 റിയാലും, രണ്ടാം സ്ഥാനക്കാർക്ക് 750 റിയാലും, മൂന്നാം സ്ഥാനക്കാർക്ക് 500 റിയാലും സമ്മാനമായി ലഭിച്ചു.

