സുപ്രീം കൗൺസിൽ യോഗത്തിൽ അമീർ അധ്യക്ഷത വഹിച്ചു
text_fieldsസുപ്രീം കൗൺസിൽ യോഗത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അധ്യക്ഷത വഹിക്കുന്നു
ദോഹ: സാമ്പത്തിക-നിക്ഷേപം സംബന്ധിച്ച് പരമോന്നത സമിതിയായ സുപ്രീം കൗൺസിലിന്റെ ഈ വർഷത്തെ ആദ്യയോഗം ചെയർമാൻ കൂടിയായ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ അമിരി ദിവാനിൽ ചേർന്നു.
ഡെപ്യൂട്ടി അമീറും കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, വിവിധ വകുപ്പ് മന്ത്രിമാർ ഉൾപ്പെടെ ഉന്നതയോഗത്തിൽ പങ്കെടുത്തു.
2024ൽ ചേർന്ന കൗൺസിലിന്റെ നാലാമത് യോഗത്തിലെ തീരുമാനങ്ങളും നിർദേശങ്ങളും, തുടർ പദ്ധതി സംബന്ധിച്ച റിപ്പോർട്ടുകളും അമീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
രാജ്യത്തിന്റെ സാമ്പത്തിക മുൻഗണനകളെക്കുറിച്ചുള്ള റിപ്പോർട്ടിനെക്കുറിച്ച് അവലോകനം ചെയ്ത കൗൺസിൽ, അവ സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങൾ എടുത്തതായും ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സാമ്പത്തിക, നിക്ഷേപ മേഖല സംബന്ധിച്ച അജണ്ടയിലെ വിവിധ വിഷയങ്ങളും ചർച്ച ചെയ്തു.

