ജിദ്ദ ഇന്ത്യൻ സ്കൂളിൽ നേരിട്ടുള്ള ക്ലാസുകള്‍ നാളെ ആരംഭിക്കും
text_fieldsജിദ്ദ: കോവിഡിനെ തുടർന്ന് ഏകദേശം 18 മാസത്തോളമായി നേരിട്ടുള്ള പഠനം മുടങ്ങിക്കിടക്കുന്ന ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ വീണ്ടും കുട്ടികളെത്തുന്നു. സൗദി വിദ്യാഭ്യാസ മന്ത്രാലയ നിർദേശത്തെ തുടർന്ന് സ്കൂളിൽ ഓഫ്ലൈൻ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും. അന്നേ ദിവസം 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികൾക്കാണ് ക്ലാസുകൾ തുടങ്ങുന്നത്. ഒമ്പത്, 11 ക്ലാസുകൾ ഈ മാസം 20നും ആരംഭിക്കും. കോവിഡിനെതിരെ രണ്ട് ഡോസ് വാക്സിനെടുത്തവരും നേരിട്ടുള്ള ക്ലാസില്‍ പങ്കെടുക്കാന്‍ സമ്മതമാണെന്ന് അറിയിച്ചവരുമായ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസ് ആരംഭിക്കുന്നത്. വാക്സിൻ എടുക്കാത്തവർക്കും യാത്ര വിലക്ക് കാരണം നാട്ടിൽ കുടുങ്ങിയ വിദ്യാർഥികൾക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. രാവിലെ എട്ട് മുതൽ ഉച്ചക്ക് 1.20വരെയായിരിക്കും ക്ലാസുകൾ.
ഒരേ ക്ലാസിലെ വിദ്യാര്‍ഥികളെ തന്നെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ഓഫ്ലൈന് ക്ലാസുകള്‍. സ്കൂളിലെത്തുന്ന വിദ്യാർഥികൾ രണ്ട് ഡോസുകൾ പൂർത്തിയാക്കിയ ആരോഗ്യ മന്ത്രാലയത്തിൽനിന്നുള്ള രേഖ അതത് ക്ലാസ് ടീച്ചറെ ഏൽപിക്കുകയും ഇതിെൻറ കോപ്പി ക്ലാസിലെത്തുമ്പോൾ കൂടെ സൂക്ഷിക്കേണ്ടതുമാണ്. ഒറ്റ ഡോസ് മാത്രമായി വാക്സിനെടുത്തവർക്ക് ക്ലാസിൽ പ്രവേശനം ഉണ്ടായിരിക്കില്ല. ആരോഗ്യമന്ത്രാലയം നിഷ്കർഷിച്ച മുഴുവൻ പ്രതിരോധ മാർഗങ്ങളും കുട്ടികൾ പാലിക്കണം. സ്കൂൾ കോമ്പൗണ്ടിലെ കാൻറീൻ ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ല എന്നതുകൊണ്ട് കുട്ടികൾക്കാവശ്യമുള്ള ലഘുഭക്ഷണങ്ങൾ വീട്ടിൽനിന്ന് കൂടെ കരുതേണ്ടതാണ്. കുട്ടികളെ സ്കൂളിലെത്തിക്കേണ്ടതും തിരിച്ചുകൊണ്ടുപോവേണ്ടതും രക്ഷിതാക്കളുടെ ഉത്തരവാദിത്തമായിരിക്കും. കെ.ജി മുതൽ എട്ടുവരെ ക്ലാസുകൾ നിലവിൽ നടക്കുന്ന പ്രകാരം ഓൺലൈനായി തന്നെ നടക്കുമെന്നും ഓൺലൈൻ, ഓഫ്ലൈൻ ക്ലാസുകൾക്ക് തുല്യപ്രാധാന്യമുണ്ടായിരിക്കുമെന്നും സ്കൂൾ പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന് പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.

