ഫിഫ ലോകകപ്പ്: ഹുഫൂഫിലേക്ക് അധിക ട്രെയിൻ സർവിസ്
text_fieldsഫിഫ ലോകകപ്പ്: ഹുഫൂഫിലേക്ക് അധിക ട്രെയിൻ സർവിസ്
ജിദ്ദ: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് സൗദി റെയിൽവേ ഹുഫൂഫിലേക്ക് അധിക ട്രെയിൻ സർവിസുകൾ നടത്തും. റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ നിന്നാണ് ഹുഫൂഫിലേക്കും തിരിച്ചും അധിക സർവിസ് ഏർപ്പെടുത്തുന്നത്. ഈ മാസം ഖത്തറിൽ ആരംഭിക്കുന്ന 2022 ലോകകപ്പിൽ ദേശീയ ഫുട്ബാൾ ടീമിന്റെ പങ്കാളിത്തത്തിന് പിന്തുണയായാണ് അധിക സർവിസുകൾ ഏർപ്പെടുത്തുന്നതെന്ന് സൗദി അറേബ്യൻ റെയിൽവേ കമ്പനി 'സാർ' വ്യക്തമാക്കി.
ലോകകപ്പിലെ സൗദി മത്സരങ്ങളുടെ ദിവസങ്ങളിൽ ഹുഫൂഫിലേക്കും തിരിച്ചും അധിക ട്രെയിൻ സർവിസുകൾ ഷെഡ്യൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സർവിസുകളിൽ ബുക്കിങ് ഇപ്പോൾ ലഭ്യമാണെന്നും സൗദി റെയിൽവേ പറഞ്ഞു. ഖത്തറിലേക്ക് കര മാർഗമുള്ള റോഡ് ഹുഫൂഫിലൂടെയാണ് കടന്നുപോകുന്നത്. ഹുഫൂഫിൽ എത്തുന്നവർക്ക് സൗദി-ഖത്തർ അതിർത്തിയായ സൽവയിൽ വേഗത്തിൽ എത്താനാകും. അതിന് യാത്രക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് ഹുഫൂഫിലേക്ക് കൂടുതൽ ട്രെയിൻ സർവിസുകൾ ഏർപ്പെടുത്തുന്നത്.

