പൊന്നാനി മണ്ഡലം യു.ഡി.എഫ് കോട്ട -കോട്ടക്കൽ കെ.എം.സി.സി
text_fieldsകോട്ടക്കൽ കെ.എം.സി.സി എക്സിക്യൂട്ടീവ് യോഗം മൊയ്തീൻ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർഥി ഡോ. അബ്ദുസ്സമദ് സമദാനിയുടെ തിളക്കമാർന്ന വിജയം പൊന്നാനി പാർലമെൻറ് മണ്ഡലം എക്കാലത്തും യു.ഡി.എഫ് കോട്ടയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് റിയാദ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. ചരിത്ര പ്രസിദ്ധമായ പൊന്നാനി എക്കാലത്തും മത സൗഹാർദത്തിനും സാഹോദര്യത്തിനും പേര് കേട്ട പ്രദേശമാണ്. മതമില്ലാത്ത സി.പി.എം മത സംഘടനകളെ കൂട്ടുപിടിച്ച് മുസ്ലിം ലീഗിനെ തകർക്കാൻ ശ്രമിക്കുന്നത് വിജയിക്കില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ല കെ.എം.സി.സി നടത്തുന്ന നോർക്ക - പ്രവാസി ക്ഷേമനിധി കാമ്പയിൻ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ഈ വർഷത്തെ ഹജ്ജിന് പോകുന്ന കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ഭാരവാഹികൾക്ക് യോഗത്തിൽ യാത്രയയപ്പ് നൽകി. ബത്ഹയിൽ നടന്ന യോഗം ജില്ല വൈസ് പ്രസിഡൻറ് മൊയ്തീൻ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ഇസ്മാഈൽ പൊന്മള, ദിലൈബ് ചാപ്പനങ്ങാടി, മൊയ്തീൻ കോട്ടക്കൽ, ഫൈസൽ എടയൂർ, അബ്ദുൽ ഗഫൂർ കോൽക്കളം, ഫർഹാൻ കാടാമ്പുഴ, മജീദ് ബാവ, ഫാറൂഖ് പൊന്മള, ജംഷീർ കൊടുമുടി, മുഹമ്മദ് കല്ലിങ്ങൽ, ഫിറോസ് ബാബു, യൂനുസ് അലി എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.

