സൗദി പ്രവേശനത്തിന് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധം
text_fieldsജിദ്ദ: സൗദിയിലേക്ക് വരുന്ന എല്ലാവരും 48 മണിക്കൂറിനുള്ളിൽ എടുത്ത അംഗീകൃത പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം.
പൗരന്മാർ ഉൾപ്പെടെ എല്ലാവർക്കും നിബന്ധന ബാധകമാണ്. എട്ട് വയസ്സിന് താഴെയുള്ളവരെ ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൂടാതെ രാജ്യത്തിന് പുറത്തുപോകാൻ ഉദേശിക്കുന്ന പൗരന്മാർ കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞവരാണെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതുണ്ട്. 16ന് താഴെ പ്രായമുള്ളവർക്കും വാക്സിൻ എടുക്കുന്നതിൽനിന്ന് ഒഴിവാക്കിയവർക്കും ഇത് ബാധകമല്ല. പുതിയ നിബന്ധനകൾ ഈ മാസം ഒമ്പത് പുലർച്ചെ മുതൽ പ്രാബല്യത്തിലാകും.
എല്ലാവരും മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും അംഗീകൃത ആരോഗ്യ പ്രോട്ടോകോളുകളും പാലിക്കണമെന്ന് മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടു.
വാക്സിനേഷൻ മൂന്ന് ഡോസുമെടുത്ത് പൂർത്തീകരിക്കണമെന്നും അത് വേഗത്തിലാക്കണമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

