പരിക്കേറ്റ നിർമാണത്തൊഴിലാളിക്ക് 1.1 ലക്ഷം ദിർഹം നഷ്ടപരിഹാരം
text_fieldsഅബൂദബി: ജോലിക്കിടെ പരിക്കേറ്റ നിർമാണത്തൊഴിലാളിക്ക് 1,10,000 ദിർഹം നഷ്ടപരിഹാരം. അബൂദബിയിൽ നിർമാണ കേന്ദ്രത്തിൽ തൊഴിലാളിയുടെ തലയിൽ നിർമാണ സാമഗ്രി വീണാണ് തൊഴിലാളിക്ക് പരിക്കേറ്റത്. ആഴ്ചകളോളം തൊഴിലാളിക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടിവന്നിരുന്നു.
തൊഴിലാളിക്ക് പരിക്കേൽക്കാൻ കാരണം വേണ്ടത്ര സുരക്ഷാമുൻകരുതലുകൾ ഏർപ്പെടുത്തി നൽകാത്തതാണെന്ന് കണ്ടെത്തിയ ക്രിമിനൽ കോടതി കമ്പനിക്ക് പതിനായിരം ദിർഹം പിഴ വിധിച്ചിരുന്നു. തുടർന്ന് കമ്പനിക്കെതിരെ തൊഴിലാളി സിവിൽ കേസ് ഫയൽ ചെയ്യുകയും 1,70,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. കേസ് പരിഗണിച്ച കോടതി കമ്പനിയോട് 1.1 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു. കമ്പനി ഇതിനെതിരെ അപ്പീൽകോടതിയെ സമീപിച്ചെങ്കിലും കീഴ്കോടതി വിധി ശരിവെക്കുകയായിരുന്നു.

