‘അലുമ്നി ഇംപാക്ട് അവാർഡ്’; 15 വരെ രജിസ്റ്റർ ചെയ്യാം
text_fieldsദുബൈ: ‘കമോൺ കേരള’ ഏഴാം എഡിഷൻ വേദിയിൽ ഒരുക്കുന്ന ‘അലുമ്നി ഇംപാക്ട് അവാർഡി’ന് ഏപ്രിൽ 15 വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച കോളജ് അലുമ്നി കൂട്ടായ്മക്കാണ് ‘കമോൺ കേരള’യുടെ പ്രൗഢവേദിയിൽ ആദരമൊരുക്കുന്നത്. യു.എ.ഇ 2025നെ ‘സാമൂഹിക വർഷ’മായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് സംരംഭം നടപ്പാക്കുന്നത്.
കുടുംബസൗഹൃദങ്ങൾ ശക്തമാക്കുന്നതിലും സന്നദ്ധ പ്രവർത്തനമടക്കം സാമൂഹിക ഇടപെടലുകളിലും അലുമ്നികൾ നൽകുന്ന സംഭാവനകളെ ആദരിക്കുകയാണ് അവാർഡ് ലക്ഷ്യമിടുന്നത്. മേയ് 9, 10, 11 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിലാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യ രക്ഷാകർതൃത്വത്തിൽ ‘കമോൺ കേരള’ ഏഴാം എഡിഷൻ അരങ്ങേറുന്നത്. മേളയുടെ വേദിയിൽ പ്രമുഖരുടെ സാന്നിധ്യത്തിലാണ് മികച്ച കോളജ് അലുമ്നിയുടെ പ്രഖ്യാപനവും അവാർഡ്ദാനവും നടക്കുക.
യു.എ.ഇയിൽ പ്രവർത്തിച്ചുവരുന്ന കേരളത്തിലെ കോളജ് അലുമ്നി അസോസിയേഷനുകളെയാണ് ‘അലുമ്നി ഇംപാക്ട് അവാർഡി’നായി പരിഗണിക്കുന്നത്. സാമൂഹിക പ്രധാനമായ പ്രവർത്തനങ്ങൾ, കുടുംബസംഗമങ്ങൾ, കായിക പരിപാടികൾ, പരിസ്ഥിതി-സുസ്ഥിരത എന്നിവക്കായുള്ള പദ്ധതികൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ഇടപെടലുകൾ, കോളജിന് വേണ്ടി നടത്തിയ ഇടപെടലുകൾ, കാരുണ്യപ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇടപെടലുകളായി പരിഗണിക്കപ്പെടും. പ്രവർത്തനങ്ങൾ യു.എ.ഇയിലെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടായിരിക്കണം.
അപേക്ഷകരിൽനിന്ന് ഏറ്റവും മികച്ചുനിൽക്കുന്ന 10 അലുമ്നി അസോസിയേഷനുകളെ അവാർഡിനായുള്ള അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കും. അന്തിമ പട്ടികയിൽ ഇടംപിടിക്കുന്ന ഈ അസോസിയേഷനുകളെ കുറിച്ച് ‘ഗൾഫ് മാധ്യമം’ പ്രത്യേക സ്റ്റോറി പ്രസിദ്ധീകരിക്കും.
സമൂഹ മാധ്യമങ്ങളിൽ വിഡിയോ സ്റ്റോറി പ്രസിദ്ധീകരിച്ച ശേഷം ഓൺലൈൻ വോട്ടിങ്ങിൽ അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകും. വോട്ടിങ്ങിലെ മികവും വിദഗ്ധരടങ്ങുന്ന പാനലിന്റെ അഭിപ്രായവും കൂടി പരിഗണിച്ചാണ് ജേതാവിനെ തിരഞ്ഞെടുക്കുക. അപേക്ഷാ ലിങ്ക്: https://forms.gle/VrM834czn4ZgQyw97. അപേക്ഷ സമർപ്പിക്കാൻ ഇതോടൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്യുക.

