കളികാണാന്‍ അജ്മാനില്‍ ബിഗ് സ്ക്രീന്‍ ഒരുങ്ങുന്നു
text_fieldsലോകകപ്പ് മത്സരങ്ങളെ വരവേല്‍ക്കാൻ അജ്മാനിലെ എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററിന്
സമീപം റൗണ്ട് എബൗട്ടില്‍ സ്ഥാപിച്ച ഫുട്ബാള്‍ മാതൃക -അബ്ദുൽ വാസിഅ് ഹാശിം
അജ്മാൻ: ലോകകപ്പ് ആവേശം ഒട്ടും ചോരാതെ ആരാധകര്‍ക്ക് മുന്നിലെത്തിക്കാന്‍ അജ്മാനും സൗകര്യമൊരുക്കുന്നു.
സഹോദര രാജ്യമായ ഖത്തറില്‍ നടക്കുന്ന മാമാങ്കം അതേ ആവേശത്തോടെ കായികപ്രേമികളിൽ എത്തിക്കാനാണ് വിനോദ സഞ്ചാര വികസന വകുപ്പ് സൗകര്യം ഒരുക്കുന്നത്. എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററിലാണ് അജ്മാൻ പ്ലാറ്റ്ഫോം ഫോർ ഫാൻസ്-2022 എന്നപേരില്‍ തല്‍സമയ സംപ്രേഷണത്തിനായി വന്‍ സന്നാഹം തയാറാക്കുന്നത്. ഇന്നുമുതൽ ഡിസംബർ 18 വരെ സെന്ററില്‍ ഒരുക്കുന്ന കൂറ്റന്‍ സ്ക്രീനില്‍ കളി കാണാം.
കാണാന്‍ എത്തുന്നവര്‍ക്ക് വേദിയില്‍ നിരവധി അനുബന്ധ മത്സരങ്ങളും വിനോദങ്ങളും ഒരുക്കും. യു.എ.ഇയിലെ മികച്ച കായിക പ്രതിഭകള്‍ക്ക് അവരുടെ കഴിവുകൾ പരീക്ഷിക്കുന്നതിനും എക്സ്ക്ലൂസിവ് സമ്മാനങ്ങൾ നേടുന്നതിനും അവസരമുണ്ടാകും.
ഇതോടൊപ്പം ഫാമിലി ഗെയിമുകൾക്കും സ്കിൽ ഗെയിമുകൾക്കുമായി പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ട്.
പ്രതിദിനം 30 ദിർഹമാണ് പ്രവേശന നിരക്ക്. വിശാലമായ പാർക്കിങ് ഒരുക്കിയിട്ടുണ്ട്.

