ദുബൈയിൽ താമസക്കാരനായ ബ്രിട്ടീഷ് പര്യവേക്ഷകൻ ബഹിരാകാശ യാത്രക്ക്
text_fieldsഹാമിഷ് ഹാർഡിങ്
ദുബൈ: ഒന്നരപ്പതിറ്റാണ്ടായി ദുബൈയിൽ താമസക്കാരനായ ബ്രിട്ടീഷ് പര്യവേക്ഷകൻ ഹാമിഷ് ഹാർഡിങ് ബഹിരാകാശത്തേക്ക്. ബഹിരാകാശ ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിനിന്റെ പദ്ധതിയിലാണ് ഇദ്ദേഹം യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
50കാരനായ ഈ ബിസിനസുകാരൻ സാഹസിക യാത്രകളിലൂടെ നേരത്തേതന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. 2021ൽ അന്തർവാഹിനിയിൽ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് നടത്തിയ യാത്ര ഉൾപ്പെടെ ഇതിൽപെടും. ഈ മാസം 20നാണ് ബ്ലൂ ഒറിജിനിന്റെ എൻ.എസ്-21 ബഹിരാകാശ വാഹനം പുറപ്പെടുക. ആറുപേരാണ് ഈ യാത്രയിൽ.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, സ്റ്റാർ ട്രെക് നടൻ വില്യം ഷാറ്റ്നർ എന്നിവരുൾപ്പെടെ 2021 മുതൽ ബഹിരാകാശ ടൂറിസം പദ്ധതിയിൽ 20 പേർ യാത്ര ചെയ്തിട്ടുണ്ട്. യാത്രക്കാരെ ഭൂമിയിൽനിന്ന് 106 കി.മീ. ഉയരത്തിൽ എത്തിച്ചാണ് ബഹിരാകാശ അനുഭവം സമ്മാനിക്കുന്നത്.

