ചെക്-ഇൻ സൗകര്യം വീടുകളിലേക്കും; 24 മണിക്കൂറും സേവനം
text_fieldsഅബൂദബി: വിമാനത്താവളത്തിലെ നീണ്ട ക്യൂവിൽ നിന്ന് ഇനി ബുദ്ധിമുട്ടേണ്ടതില്ല, വീടുകളിൽനിന്നുതന്നെ ചെക്-ഇൻ നടപടികൾ പൂർത്തീകരിച്ച് ബാഗുകൾ നൽകി ബോർഡിങ് കാർഡ് സ്വീകരിക്കാവുന്ന ഹോം ചെക്-ഇൻ സൗകര്യം അബൂദബിയിൽ ആരംഭിച്ചു. മൊറാഫിക് ഏവിയേഷൻ സർവിസാണ് ഈ സൗകര്യം ഒരുക്കുന്നത്. യാത്രാ സമയത്തിന്റെ അഞ്ചു മണിക്കൂർ മുമ്പ് മുതൽ 24 മണിക്കൂർ വരെ സേവനം ലഭ്യമാണ്. യാത്രക്കാരന് സൗകര്യപ്രദമായ സമയം തീരുമാനിച്ച് ആൻഡ്രോയിഡിലും ഐ.ഒ.എസിലും ലഭിക്കുന്ന മൊറാഫിക് ആപ്ലിക്കേഷൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യാം.
മൊറാഫിക് ഏവിയേഷന്റെയും ഇത്തിഹാദ് ഗ്രൗണ്ട് സർവിസിന്റെയും ജീവനക്കാർ വീടുകളിൽ എത്തിയാണ് ചെക്-ഇൻ സേവനം നൽകുന്നത്. യാത്രക്കാരുടെ ബാഗുകൾ സുരക്ഷിതമായി അബൂദബി വിമാനത്താവളത്തിൽ എത്തിക്കുകയും ചെയ്യും. ബാഗുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും നിരക്ക് ഈടാക്കുക. ര
ണ്ടു ബാഗുകൾ വരെ ചെക്-ഇൻ ചെയ്യുന്നതിന് 185 ദിർഹവും മൂന്നു മുതൽ നാലു ബാഗുകൾ ചെക്-ഇൻ ചെയ്യുന്നതിന് 220 ദിർഹവും അഞ്ചു മുതൽ ആറു ബാഗുകൾക്ക് 280 ദിർഹവും ഏഴു മുതൽ എട്ടു ബാഗുകൾക്ക് 340 ദിർഹവുമാണ് നിരക്ക്. ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും ചെക്-ഇൻ നടപടികൾ ഇതേ നിരക്കിൽ പൂർത്തീകരിക്കാൻ കഴിയും. ഇത്തിഹാദ് വിമാനത്തിൽ യാത്രചെയ്യുന്നവർക്കാണ് തുടക്കത്തിൽ സേവനം ലഭിക്കുക. മറ്റു വിമാനക്കമ്പനികൾക്കുള്ള ഇതേ സേവനം താമസിയാതെ ആരംഭിക്കും.
വേനലവധിക്കാല തിരക്ക് പരിഗണിച്ച് ഹോം ചെക്-ഇൻ, സിറ്റി ചെക്-ഇൻ സൗകര്യം ഉപയോഗപ്പെടുത്താൻ യാത്രക്കാർ ശ്രമിക്കണമെന്ന് അധികൃതർ അറിയിച്ചു. മിനാ തുറമുഖത്തുള്ള സിറ്റി ചെക്-ഇൻ സേവനം 24 മണിക്കൂറും പ്രവർത്തനം ആരംഭിച്ചതായി മൊറാഫിക് അധികൃതർ അറിയിച്ചു. സിറ്റി ചെക്-ഇൻ സേവനം ഉപയോഗിക്കുന്ന ഇത്തിഹാദ് ഗസ്റ്റ് കാർഡുള്ളവർക്ക് 2500 മൈൽസ് (പോയന്റ്സ്) നൽകുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചിട്ടുണ്ട്. ഇത്തിഹാദ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നീ വിമാനത്തിലെ യാത്രക്കാർക്കായാണ് സിറ്റി ചെക്-ഇൻ സേവനം ഇപ്പോൾ ലഭ്യമാകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 800 667 2347 നമ്പറിൽ ബന്ധപ്പെടാം.

