ദുബൈ സമ്മർ ഫെസ്റ്റ്; വിമാനത്താവളത്തിൽ കുട്ടികൾക്ക് വരവേൽപ്
text_fieldsദുബൈ എയർപോർട്ടിലെത്തിയ കുട്ടികളെ മാസ്കേട്ട് കഥാപാത്രങ്ങളായ സാലം സലാമയും
മോദേഷും ഡാനയും ചേർന്ന് സ്വീകരിക്കുന്നു
ദുബൈ: ദുബൈ സമ്മർ ഫെസ്റ്റിവൽ 2024ന്റെ ഭാഗമായി ദുബൈ വിമാനത്താവളത്തിൽ കുട്ടികൾക്ക് വർണാഭമായ വരവേൽപ് നൽകി. ദുബൈ എയർപോർട്ട് ടെർമിനൽ 3ൽ എത്തിയ കുട്ടികളെ സമ്മാനങ്ങളും പൂക്കളും നൽകിയാണ് രാജ്യത്തേക്ക് സ്വാഗതം ചെയ്തത്.
ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ) ദുബൈ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസവും ചേർന്നാണ് വരവേൽപ്പൊരുക്കിയത്.
എയർപോർട്ടിലെ കുട്ടികളുടെ പ്രത്യേക ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിയ കുരുന്നുകളെ ജി.ഡി.ആർ.എഫ്.എ ദുബൈയുടെ മാസ്കേട്ട് കഥാപാത്രങ്ങളായ സാലം സലാമയും ദുബൈ സമ്മർ സർപ്രൈസസ് മാസ്കേട്ട് മോദേഷും ഡാനയും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് കുട്ടികൾക്ക് സ്വന്തമായി പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യാനും അവസരം നൽകി. വേനൽക്കാല ഉത്സവത്തിന്റെ ഭാഗമായി വിവിധ ഷോപ്പിങ് ഫെസ്റ്റിവലുകളും വൈവിധ്യമായ വിനോദ പരിപാടികളുമാണ് ദുബൈ നഗരിയിൽ ഉടനീളം നടന്നുവരുന്നത്.

