ഈദുൽ ഇത്തിഹാദ് ആഘോഷവുമായി കെ.എം.സി.സി വനിത വിങ്
text_fields‘ഈദുൽ ഇത്തിഹാദ്’ ആഘോഷങ്ങൾ ഉദ്ഘാടനം
ചെയ്യാനെത്തിയ മുനവ്വറലി ശിഹാബ് തങ്ങൾക്ക്
ഉപഹാരം നൽകുന്നു
ഷാർജ: ഷാർജ കെ.എം.സി.സി വനിത വിങ് മലപ്പുറം ജില്ല കമ്മിറ്റി ‘ഈദുൽ ഇത്തിഹാദ്’ എന്ന പേരിൽ ആഘോഷവും ജില്ല കമ്മിറ്റി വാർഷികവും സംഘടിപ്പിച്ചു. നവംബർ 17ന് വൈകീട്ട് ആറിന് അജ്മാനിലെ തുമ്പേ ഹോസ്പിറ്റാലിറ്റി കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യ ഹനിയ്യ സഖാഫ് മുഖ്യാതിഥിയായി.
ഷാർജ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ, വൈസ് പ്രസിഡന്റ് സൈദ് മുഹമ്മദ്, ട്രഷറർ അബ്ദുൽ റഹ്മാൻ മാസ്റ്റർ, സെക്രട്ടറി നസീർ കുനിയിൽ, സി.കെ. കുഞ്ഞബ്ദുല്ല, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ജന. സെക്രട്ടറി ടി.വി. നസീർ, മലപ്പുറം ജില്ല പ്രസിഡന്റ് ഹംസ തിരുനാവായ, ജനറൽ സെക്രട്ടറി റിയാസ് നടക്കൽ തുടങ്ങി വിവിധ ജില്ല-മണ്ഡലം കമ്മിറ്റികളുടെയും വിമൻസ് വിങ്ങിന്റെയും ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ സംഘടിപ്പിച്ച കലാപരിപാടികളും മനഃശാസ്ത്ര ക്ലാസുകളും സ്റ്റേറ്റ് വിമൻസ് വിങ് പ്രസിഡന്റ് ഫെബിന റഷീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജസീന ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.പി. ഫൈറൂസ് സ്വാഗതവും കെ.ടി. മൈമൂന നന്ദിയും പറഞ്ഞു. ഭാരവാഹികളായ സാബിറ മയ്യേരി, ശബ്നം ശരീഫ്, ജസീറ സൈദ്, ഫസീല ജമാൽ, വഹീദ അഷ്റഫ്, കമറുന്നിസ, മിസ്ബ മുജീബ്, സമീറ അബ്ദുൽ ഖാദർ, ഖൈറുന്നിസ, ഫദവ അബ്ദുൽ ഖാദർ, സുൽത്താന എന്നിവർ നേതൃത്വം നൽകി.

