ഇത്തിഹാദ് കോഴിക്കോട്, തിരുവനന്തപുരം സർവിസുകൾ പുനരാരംഭിക്കുന്നു
text_fieldsഅബൂദബി: ഇത്തിഹാദ് എയർവേസ് കോഴിക്കോട്, തിരുവനന്തപുരം സർവിസുകൾ പുനരാരംഭിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ നിർത്തലാക്കിയ സർവിസുകളാണ് 2024 ജനുവരി ഒന്നുമുതൽ വീണ്ടും തുടങ്ങുന്നത്. കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ആഴ്ചയിൽ ഏഴ് സർവിസ് ഉണ്ടാകും.
നവംബർ 21 മുതൽ അബൂദബി-കൊച്ചി റൂട്ടിൽ എട്ട് അധിക സർവിസും ആരംഭിക്കും. ഇതോടെ കൊച്ചിയിലേക്ക് ആഴ്ചയിൽ 21 സർവിസ് ഉണ്ടാകുമെന്നും ഇത്തിഹാദ് വാർത്താക്കുറിപ്പിൽ അറിയിച്ചു. നവംബർ 21 മുതലാണ് കൊച്ചിയിലേക്കുള്ള അധിക സർവിസ് ആരംഭിക്കുന്നത്. സെപ്റ്റംബർ 15 മുതൽ ചെന്നൈയിലേക്ക് ഏഴ് അധിക സർവിസും ഇത്തിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തിഹാദിന്റെ വെബ്സൈറ്റ് മുഖേന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അബൂദബിയിൽനിന്ന് ഉച്ചക്കുശേഷം 2.40ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 7.55നാണ് കോഴിക്കോട് എത്തിച്ചേരുക. തിരിച്ച് കോഴിക്കോടുനിന്ന് രാത്രി 9.30ന് പുറപ്പെടുന്ന വിമാനം രാത്രി 12.05ന് അബൂദബിയിൽ എത്തിച്ചേരും. അബൂദബിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുലർച്ച 2.55ന് പുറപ്പെട്ട് 8.35ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വിമാനം അവിടെ നിന്ന് രാവിലെ 9.50ന് പുറപ്പെട്ട് ഉച്ചക്ക് 12.40ന് അബൂദബിയിൽ എത്തിച്ചേരുന്ന രീതിയിലാണ് ഇത്തിഹാദിന്റെ വെബ്സൈറ്റിൽ കാണിക്കുന്നത്. ഇത്തിഹാദ് സർവിസുകൾ പുനരാരംഭിക്കുന്നത് പ്രവാസികൾക്ക് ഏറെ അനുഗ്രഹമാകും. എയർ ഇന്ത്യയുടെ ദുബൈ - കോഴിക്കോട്, ഷാർജ - കോഴിക്കോട് സർവിസ് നിർത്തലാക്കിയതോടെ കോഴിക്കോട് റൂട്ടിൽ വിമാന സർവിസുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിരുന്നു.
ഇതുമൂലം തിരക്കുള്ള സമയങ്ങളിൽ ഈ റൂട്ടിൽ വിമാന ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വർധിക്കുകയും ചെയ്തു. കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ ആറ് നഗരങ്ങളിലേക്കാണ് ഇത്തിഹാദ് എയർവേസ് പുതിയ സർവിസുകൾ പ്രഖ്യാപിച്ചത്.

