‘ഫാദേഴ്സ് എൻഡോവ്മെൻറ്’; രണ്ടുകോടി ദിർഹം നൽകി എം.എ. യൂസുഫലി
text_fieldsഎം.എ. യൂസുഫലി
ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം റമദാനോടനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിക്ക് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി രണ്ടുകോടി ദിർഹം(48 കോടിയോളം രൂപ) സംഭാവന ചെയ്തു.
പിതാക്കന്മാരെ ആദരിക്കുന്നതിനും അര്‍ഹരായവര്‍ക്ക് ചികിത്സയും ആരോഗ്യ സംരക്ഷണവും നല്കുന്നതിനുമാണ് സുസ്ഥിര എന്‍ഡോവ്മെന്റ് ഫണ്ടായ ഫാദേഴ്സ് എൻഡോവ്മെന്റ് പ്രഖ്യാപിച്ചത്. അർഹരായവരുടെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്ന വലിയ ലക്ഷ്യം യാഥാർഥ്യമാകുന്നതിൽ എറെ സന്തോഷമുണ്ടെന്നും, വിശുദ്ധമാസത്തിൽ പിതാക്കന്മാർക്ക് നൽകുന്ന ഏറ്റവും മികച്ച ആദരമാണിതെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമാണ് ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയെന്നും ഈ കാരുണ്യ പ്രവർത്തനത്തിൽ ഭാഗമാകുന്നത് ഏറെ അഭിമാനകരമാണെന്നും യൂസുഫലി കൂട്ടിച്ചേർത്തു.

