ഫിറ്റ്നസ് ചലഞ്ചിൽ സജീവമായി ജോയ് ആലുക്കാസ്
text_fieldsദുബൈ ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുത്ത ജോയ് ആലുക്കാസ് സംഘം
ദുബൈ: ദുബൈ സർക്കാറിന്റെ ഫിറ്റ്നസ് ചലഞ്ചിൽ സജീവ സാന്നിധ്യമായി ജോയ് ആലുക്കാസ്. കഴിഞ്ഞ ദിവസം നടന്ന ദുബൈ റണ്ണിൽ ചെയർമാൻ ജോയ് ആലുക്കാസ്, മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി ജീവനക്കാർ അണിനിരന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ജോയ് ആലുക്കാസ് സംഘടിപ്പിക്കുന്ന മൂന്നാമത്തെ പരിപാടിയാണിത്.
ദുബൈ റണ്ണിൽ 291 ജീവനക്കാർ പങ്കെടുത്തു. പ്രത്യേകം തയാറാക്കിയ ചുവപ്പും കറുപ്പും ജഴ്സിയണിഞ്ഞാണ് ജീവനക്കാരും മാനേജ്മെന്റ് പ്രതിനിധികളും ഓടാനിറങ്ങിയത്. ദുബൈ ശൈഖ് സായിദ് റോഡിൽ അഞ്ച്, പത്ത് കിലോമീറ്ററായിരുന്നു ഓട്ടം. ആകെ 1.90 ലക്ഷം പേർ പങ്കെടുത്തിരുന്നു. ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് നന്ദി രേഖപ്പെടുത്തുന്നതായി ജോയ് ആലുക്കാസ് പറഞ്ഞു. ആരോഗ്യമുള്ള ശരീരമാണ് ആരോഗ്യമുള്ള മനസ്സിന്റെ താക്കോൽ.ജീവനക്കാരിൽ ആരോഗ്യവും ശാരീരിക ക്ഷമതയും എപ്പോഴും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

