റമദാനിൽ ജോലി സമയം പ്രഖ്യാപിച്ച് ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ: റമദാനിൽ ജോലി സമയം പ്രഖ്യാപിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് (ജി.ഡി.ആർ.എഫ്.എ). അൽ ജാഫിലിയയിലെ ആസ്ഥാനം, അൽ മനാറ, അൽ താവർ സെന്ററുകൾ കൂടാതെ ജി.ഡി.ആർ.എഫ്.എയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സെന്ററുകൾ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ സേവനം ലഭ്യമാകും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ 12 വരെയും ശേഷം ഉച്ചക്ക് രണ്ടു മുതൽ അഞ്ചുവരെയുമായിരിക്കും ഓഫിസ് സമയം.
എയർപോർട്ട് ടെർമിനൽ മൂന്നിലെ കസ്റ്റമർ ഹാപ്പിനസ് സെന്റർ 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കും. അതോടൊപ്പം സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും വെബ്സൈറ്റ് വഴിയും സേവനങ്ങൾ തേടാം. അതേസമയം, അൽ അവീർ കസ്റ്റമർ ഹാപ്പിനസ് സെന്റർ ആഴ്ചയിൽ മുഴുവൻ ദിവസവും രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കും. ആമർ കോൾ സെന്ററുകളിൽ 24 മണിക്കൂറും 8005111 എന്ന ടോൾ ഫ്രീ നമ്പറിൽ സേവനം ലഭിക്കുമെന്നും ജി.ഡി.ആർ.എഫ്.എ അധികൃതർ അറിയിച്ചു.

