ഇഫ്താർ സംഗമമൊരുക്കി ഇന്ത്യൻ കോൺസുലേറ്റ്
text_fieldsദുബൈ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങുന്നു. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ സമീപം
ദുബൈ: റമദാൻ പരിപാടികളുടെ ഭാഗമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ദുബൈ മില്ലേനിയം പ്ലാസ ഡൗൺടൗൺ ഹോട്ടലിൽ നടന്ന സംഗമം പ്രവാസി കൂട്ടായ്മകളായ ഇമാൻ കൾചറൽ സെന്റർ, കെ.എം.സി.സി, ദാവൂദി ബോറ കമ്യൂണിറ്റി എന്നിവയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. ചടങ്ങിൽ യു.എ.ഇ പ്രമുഖരും ഇന്ത്യൻ പ്രവാസി കൂട്ടായ്മകളുടെ പ്രതിനിധികളും മാധ്യമപ്രവർത്തകരടക്കമുള്ളവർ സംബന്ധിച്ചു.
കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ അതിഥികൾക്ക് റമദാൻ ആശംസകളറിയിച്ചു. യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ സംഘടനയെ പ്രതിനിധീകരിച്ച് റമദാൻ ആശംസകൾ നേർന്നു.

