അബൂദബി വിമാനത്താവളത്തില്‍ തിരക്കേറും, ശ്രദ്ധ വേണം
text_fieldsഅബൂദബി: ഈദുല്‍ ഫിത്റിനോടനുബന്ധിച്ച അവധിക്കാലത്ത് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രികരുടെ വന്‍ തിരക്കുണ്ടാവുമെന്ന് അറിയിപ്പ്. അബൂദബി വിമാനത്താവളം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 15 മുതല്‍ 23 വരെയാണ് തിരക്കുണ്ടാവുക. ഇക്കാലയളവില്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളം വഴി അഞ്ചുലക്ഷത്തോളം പേര് യാത്ര ചെയ്യുമെന്നാണ് വിലയിരുത്തല്‍. 57 രാജ്യങ്ങളിലെ 105 കേന്ദ്രങ്ങളിലേക്കായി 2800ലധികം സര്‍വിസുകളാണ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ളത്.
പുറപ്പെടുന്നതിനുമുമ്പായി എയര്‍പോര്‍ട്ട് വെബ്സൈറ്റ് സന്ദര്‍ശിച്ചുള്ള നിങ്ങളുടെ ടെര്‍മിനല്‍ ഏതെന്നു തിരിച്ചറിയുക, വിമാനത്താവളത്തിലെത്തുന്നതിനുമുമ്പ് ആവശ്യമായ യാത്രാരേഖകള്‍ കൈയില്‍ കരുതുക. വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍മുമ്പ് വിമാനത്താവളത്തിലെത്തുക, യാത്രക്ക് ഉചിതമായ രീതിയിൽ വസ്ത്രം ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

