കീം: യു.എ.ഇയിൽ പരീക്ഷാ കേന്ദ്രം
text_fieldsദുബൈ: കേരളത്തിലെ എൻജിനീയറിങ്-ഫാർമസി കോളജ് പ്രവേശനത്തിനായി സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത സി.ഇ.ഇ-കീം പ്രവേശന പരീക്ഷകൾക്ക് ദുബൈയിൽ ഈ വർഷവും കേന്ദ്രമുണ്ടാകും. ദുബൈ അൽ ഖർഹൂദിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്കൂളാണ് പരീക്ഷാ കേന്ദ്രം.
ജൂൺ അഞ്ച് മുതൽ ഒമ്പത് വരെയാണ് പരീക്ഷ നടക്കുക. ദുബൈയിലെ പരീക്ഷാ കേന്ദ്രത്തിൽ ജൂൺ ആറു മുതൽ എട്ടുവരെയാണ് പരീക്ഷ നടത്തുക. എൻജിനീയറിങ് പരീക്ഷ ആറിന് രാവിലെ 10 മുതൽ ഒരുമണി വരെയും ഫാർമസി പരീക്ഷ അന്നേ ദിവസം 3.30 മുതൽ അഞ്ചുമണി വരെയുമാണ്.
എൻജിനീയറിങ് പരീക്ഷക്കായി 386 വിദ്യാർഥികളും ഫാർമസി പരീക്ഷക്കായി 16 വിദ്യാർഥികളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരീക്ഷാ കേന്ദ്രത്തിൽ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രവേശന പരീക്ഷാ കമീഷണറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം ഈമാസം 20ന് ദുബൈയിലെത്തിയിരുന്നു. ഈ വർഷം പ്രവൃത്തിദിനങ്ങളിലാണ് പരീക്ഷ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

