കെ.പി.സി.സി പ്രസിഡന്റ് 30ന് യു.എ.ഇയിലെത്തും
text_fieldsദുബൈ: രണ്ട് ദിവസത്തെ യു.എ.ഇ സന്ദർശനത്തിനായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി നവംബർ 30ന് ദുബൈയിലെത്തും. കെ.പി.സി.സി പ്രസിഡന്റ് പദവിയില്‍ എത്തിയ ശേഷം ആദ്യമായാണ് ഇദ്ദേഹം യു.എ.ഇ സന്ദർശിക്കാനെത്തുന്നത്. 30ന് ശനിയാഴ്ച രാവിലെ എട്ടരക്ക്, ദുബൈ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തിന് പ്രവർത്തകർ ചേർന്ന് സ്വീകരണം നൽകും.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ശനിയാഴ്ച രാത്രി ഏഴരക്ക്, ഇന്‍കാസ് യു.എ.ഇ കേന്ദ്ര കമ്മിറ്റി ഒരുക്കുന്ന ദേശീയ ദിനാഘോഷ ചടങ്ങ് കെ.പി.സി.സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. സദ്ഭാവന ഗ്ലോബല്‍ കള്‍ചറല്‍ ഫോറം ഞായറാഴ്ച സംഘടിപ്പിക്കുന്ന ‘സദ്ഭാവനോത്സവം’ എന്ന യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടിയിലും അദ്ദേഹം സംബന്ധിക്കും. ദുബൈ മംസാറിലുള്ള സെഞ്ച്വറി മാളിന് സമീപത്തെ ഫോക്ക്ലോര്‍ അക്കാദമിയില്‍ ഡിസംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നര മുതലാണ് ആഘോഷം.

