പരിസ്ഥിതി സൗഹൃദ ലക്ഷ്യങ്ങളുമായി 'ഹക്സറ്റർ പ്രൊഡക്ഷ'ന് തുടക്കമായി
text_fieldsഹക്സറ്റർ പ്രൊഡക്ഷൻ ഉദ്ഘാടന ചടങ്ങിൽ അണിയറപ്രവർത്തകർ അഥിതികളോടൊപ്പം
ദുബൈ: പരിസ്ഥിതി സൗഹൃദ നിലപാടിലൂന്നി മലയാളികളുടെ മുൻകൈയിൽ ദുബൈയിൽ 'ഹക്സറ്റർ പ്രൊഡക്ഷ'ന് തുടക്കമായി. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയിൽ പിറന്ന പ്രൊഡക്ഷൻ ഹൗസിന് നേതൃത്വം നൽകുന്നത് 'കുറുപ്പ്' സിനിമയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ്.
ലോകത്ത് പരിസ്ഥിതിക്ക് എതിരായി നടക്കുന്ന കയ്യേറ്റങ്ങൾക്കെതിരെ തങ്ങളാൽ കഴിയുന്ന രീതിയിൽ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാർബൺ നെഗറ്റീവ് പ്രൊഡക്ഷൻ ഹൗസിനെ കുറിച്ച് ചിന്തിച്ചതെന്ന് ശ്രീനാഥ് രാജേന്ദ്രൻ സംരഭത്തിെൻറ ഉദളഘാടന ചടങ്ങിൽ വിശദീകരിച്ചു. സിനിമ-മീഡിയ പ്രൊഡക്ഷെൻറ വിവിധ ഘട്ടങ്ങളിൽ പരിസ്ഥതി സൗഹൃദമായ നിലപാട് സ്വീകരിക്കുന്ന നയം സ്വീകരിക്കുമെന്നും പ്രതിബന്ധങ്ങളെ അതിജയിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടന്ന ഉദ്ഘാടന ചടങ്ങ് പൂർണമായും പരിസ്ഥിതി സൗഹൃദപരമായിരുന്നു.
മാധ്യമങ്ങളുടെയും സിനിമയുടെയും ഭാവി വികസിക്കുന്ന സാങ്കേതികവിദ്യയിലും ഉൽപ്പാദന നിലവാരത്തിെൻറ കൃത്യതയിലുമാണെന്ന് ഹക്സ്റ്റർ വിശ്വസിക്കുന്നതായും, അതിനാൽ'കുറച്ച് കോർപ്പറേറ്റ്, കൂടുതൽ മനുഷ്യൻ' എന്നതിന് ഊന്നൽ നൽകുന്നതായിരിക്കും സംരംഭമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ചടങ്ങിൽ ശൈഖ് മാജിദ് റാശിദ് അബ്ദുല്ല അൽ മുഅല്ല, സോഹൻ റോയ്, ഡോ. ബൂ അബ്ദുല്ല, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവർ സന്നിഹിതരായി.

