ബഹിരാകാശത്തുനിന്ന് പിതൃദിന സന്ദേശമയച്ച് സുൽത്താൻ അൽ നിയാദി
text_fieldsദുബൈ: പിതൃദിനത്തിൽ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽനിന്ന് പിതാവിനും രാഷ്ട്രനേതാക്കൾക്കും ആശംസകൾ നേർന്ന് യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദി. യു.എ.ഇയുടെ രാഷ്ട്രശിൽപി ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായ്ദ് ആൽ നഹ്യാന്റെയും സംഭാവനകൾ തനിക്ക് മാർഗദർശനം പകർന്നതായി പിതൃദിന സന്ദേശത്തിൽ നിയാദി പറഞ്ഞു.
ശൈഖ് മുഹമ്മദിനും രാഷ്ട്രപിതാവിനും ഒപ്പമുള്ള ഫോട്ടോയും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. സ്റ്റേഷന്റെ നിരീക്ഷണ മേഖലയായ ‘കുപോള’യുടെ ജനാലകളിലൊന്നിൽ ഭൂമിയിലേക്ക് നോക്കിക്കൊണ്ടാണ് ഈ ചിത്രം സ്ഥാപിച്ചിരുന്നത്. ‘രാഷ്ട്രപിതാവായ ശൈഖ് സായിദിനെ ഇന്ന് ഞങ്ങൾ ആദരിക്കുന്നു. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്കനുസരിച്ച് ജീവിക്കാൻ പ്രചോദനമായ പ്രസിഡന്റ് ശൈഖ് മുഹമ്മദിനെ അഭിവാദ്യം ചെയ്യാനും ആഗ്രഹിക്കുന്നു.
അദ്ദേഹത്തിന്റെ കാൽപ്പാടുകൾ പിന്തുടരാൻ ശ്രമിക്കുന്നു-നിയാദി ട്വിറ്ററിൽ കുറിച്ചു. എന്റെ പ്രചോദനങ്ങൾക്ക് മാർഗദർശനമായി നിലകൊണ്ട പിതാവ് സയ്ഫ് അൽ നിയാദിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പിതൃദിനത്തെ ഹാഷ്ടാഗ് ചെയ്തുകൊണ്ടുള്ള ട്വിറ്റർ സന്ദേശം അവസാനിപ്പിക്കുന്നത്.

