കരിമരുന്നുപ്രയോഗത്തിൽ മുന്നറിയിപ്പുമായി പൊലീസ്
text_fieldsഅബൂദബി: ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കരിമരുന്നുപ്രയോഗങ്ങളുടെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി അബൂദബി പൊലീസ്. വിനോദത്തിന്റെ ഭാഗമായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ദുരന്തത്തിലാണ് കലാശിക്കുക. പടക്കങ്ങൾ കണ്ണിന്റെ കാഴ്ച നഷ്ടമാവുന്നതിനും വീടിന് തീപിടിക്കുന്നതിനുംവരെ ഇടയാക്കിയേക്കും.
പെരുന്നാൾ ആഘോഷവേളയിൽ കുട്ടികളെ നിരീക്ഷിക്കണമെന്നും അപകട സാധ്യതയുള്ളതിനാൽ പടക്കങ്ങളും മറ്റും ഉപയോഗിക്കുന്നത് തടയണമെന്നും പൊലീസ് രക്ഷിതാക്കൾക്ക് നിർദേശം നൽകി. കരിമരുന്നുപ്രയോഗം മൂലമുണ്ടാവുന്ന അപകടങ്ങളെ ബോധവത്കരിക്കുന്ന തങ്ങളുടെ ഉദ്യമവുമായി സഹകരിക്കണമെന്ന് അബൂദബി പൊലീസ് കുടുംബങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. അപകടകരമായ ഇത്തരം വസ്തുക്കളെ ആരെങ്കിലും പ്രോത്സാഹിപ്പിക്കുന്നതായി കണ്ടാൽ അക്കാര്യം അറിയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. അനധികൃതമായി പടക്കം വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെതിരെയും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

