സെയ്ഹ് അൽ ദഹൽ റോഡ് വികസനം 57 ശതമാനം പൂർത്തിയായി
text_fieldsനിർമാണം പുരോഗമിക്കുന്ന സെയ്ഹ് അൽ ദഹൽ റോഡ്
ദുബൈ: സെയ്ഹ് അൽ സലാം റോഡിനെയും മുഹമ്മദ് ബിന് റാശിദ് ആൽ മക്തൂം സോളാർ പാർക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സെയ്ഹ് അൽ ദഹൽ റോഡ് നിർമാണം 57 ശതമാനം പൂർത്തിയായി. 11 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് ഇരുവശങ്ങളിലേക്കുമായി രണ്ട് ലൈനുകളായാണ് നിർമിക്കുന്നത്. വികസനം പൂർത്തിയാകുന്നതോടെ റോഡിന്റെ ശേഷി 1800 വാഹനങ്ങൾ എന്നതിൽനിന്ന് 4000 വാഹനങ്ങളായി ഉയരും.
നേരത്തെയുണ്ടായിരുന്ന ഒറ്റവരി റോഡാണ് വികസിപ്പിക്കുന്നത്. മീഡിയനും മൂന്ന് റൗണ്ട് എബൗട്ടുകളും ഉണ്ടാകും. അൽ ഖുദ്ര തടാകത്തിന്റെ എൻട്രി പോയന്റുമായി റോഡിനെ ബന്ധിപ്പിക്കും. 23 കിലോമീറ്റർ നീളം വരുന്ന ദുബൈ സൈക്ലിങ് ട്രാക്കിന്റെ നിർമാണവും മേഖലയിൽ പുരോഗമിക്കുന്നുണ്ട്.

