ഇത്തിഹാദിന്റെ ചിറകിലേറി ‘സൂപ്പർ ഹീറോകൾ’
text_fieldsഇത്തിഹാദിന്റെ വിമാനത്തിന് പുറത്ത് കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പതിച്ചിരിക്കുന്നു
അബൂദബി: കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായ സൂപ്പർ ഹീറോകൾ ഇനി യു.എ.ഇയുടെ ആകാശത്ത് പറന്നു നടക്കും. സൂപ്പർമാൻ, വണ്ടർ വുമൺ, ബാറ്റ്മാൻ തുടങ്ങിയ സൂപ്പർ ഹീറോകൾക്ക് പുറമെ ടോം ആൻഡ് ജെറി, ലൂണി ട്യൂൺസ് എന്നിവരും ആകാശത്ത് വിസ്മയം തീർക്കും. അബൂദബിയിലെ ഇത്തിഹാദ് എയർവേസിന്റെ വിമാനങ്ങളിലാണ് ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ വർണ ചിത്രങ്ങൾ ഇടംപിടിച്ചിരിക്കുന്നത്.
കുട്ടികളുടെ അവധിക്കാലം അവിസ്മരണീയമാക്കാൻ ലക്ഷ്യമിട്ട് അബൂദബി യാസ് ഐലൻഡിലെ വാർണർ ബ്രോസ് വേൾഡും ഇത്തിഹാദ് എയർവേസും കൈകോർത്താണ് ഇത് സാധ്യമാക്കിയത്. വിമാനത്തിന്റെ ചെറുമോഡൽ വാർണർ ബ്രദേഴ്സ് വേൾഡ് തീം പാർക്കിൽ സ്ഥാപിച്ചതോടെ സെൽഫിയെടുക്കാനും മറ്റും പ്രായ വ്യത്യാസമില്ലാതെ സന്ദർശകരുടെ വൻ തിരക്കാണിവിടെ.
ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളോടൊപ്പം ഈ അവധിക്കാലം അവിസ്മരണീയമാക്കുന്നതിനൊപ്പം വിനോദ സഞ്ചാരികളെ ആകർഷിക്കുകയുമാണ് ലക്ഷ്യമെന്ന് മിറാൽ ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് അബ്ദുല്ല അൽ സാബി പറഞ്ഞു. സന്ദർശകർക്ക് തികച്ചും വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്നതാണ് പുതിയ സംരംഭമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഇത്തിഹാദിന്റെ ബോയിങ് 787-10 വിമാനങ്ങൾ വാർണർ ബ്രോസിന്റെ കഥാപാത്രങ്ങളുടെ ചിത്രങ്ങളുമായി അലങ്കരിച്ചിരിക്കുകയാണ്. ഈ വിമാനം അഞ്ച് യൂറോപ്യൻ രാജ്യങ്ങളിലേക്കും നാല് വടക്കു കിഴക്ക് ഏഷ്യൻ രാജ്യങ്ങളിലേക്കുമാണ് സർവിസ് നടത്തുന്നത്.
ശനിയാഴ്ച ലണ്ടനിലെ ഹീത്രുവിലേക്കാണ് സൂപ്പർ ഹീറോകളുമായുള്ള ഇത്തിഹാദിന്റെ കന്നിയാത്ര. കൂടാതെ സായിദ് ഇന്റർനാഷനൽ എയർപോർട്ടിലെ ഇത്തിഹാദ് എയർവേസിന്റെ ലോഞ്ചിനൊപ്പമുള്ള കുട്ടികൾക്ക് മാത്രമായുള്ള ലോഞ്ചും വാർണർ ബ്രോസ് കഥാപാത്രങ്ങൾകൊണ്ട് അലങ്കരിക്കും.

