ഇസ്ലാമിക മത വിധികൾക്ക് യു.എ.ഇയിൽ പുതിയ സമിതി
text_fieldsഅബൂദബി: യു.എ.ഇ കാബിനറ്റ് പുതിയ ഇസ്ലാമിക ഫത്വ കൗൺസിൽ രൂപവത്കരിച്ചു. ‘എമിറേറ്റ്സ് ഫത്വ കൗൺസിൽ’ എന്നായിരിക്കും പേര്. ഇസ്ലാമിക സമൂഹത്തിൽ സമാധന സന്ദേശം പ്രചരിപ്പിക്കുക, രാജ്യത്തെ മുസ്ലിം സമൂഹത്തിനിടയിൽ മതവിധികളുടെ ഉറവിടങ്ങൾ ഏകീകരിക്കുക, രാഷ്ട്രത്തിെൻറ നയപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്നിവയായിരിക്കും ഈ സമിതിയുടെ ചുമതല. പ്രമുഖ പണ്ഡിതൻ ശൈഖ് അബുല്ലാഹ് ബിൻ ബയ്യ നേതൃത്വം നൽകുന്ന സമിതി രാജ്യത്തെ വ്യത്യസ്ത സർക്കാർ സംവിധാനങ്ങളുടെയും, സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനാവശ്യമായ പ്രയത്നങ്ങളിലും പങ്കുവഹിക്കും.
മത വിധികൾക്കായി (ഫത്വ) ഔദ്യോഗിക സംവിധാനങ്ങൾക്കും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സമിതിയെ സമീപിക്കാവുന്നതാണ്. ഔഖാഫുമായി സഹകരിച്ചു ഫത്വ നല്കാൻ പ്രാപ്തിയുള്ളവരെ (മുഫ്തി) തെരഞ്ഞെടുക്കുക, പരിശീലനം നൽകുക, ഗവേഷണ പഠനങ്ങൾ നടത്തുക എന്നീ പ്രവർത്തനങ്ങളും സമിതി നടപ്പാക്കും. അന്താരാഷ്ട്ര മത സമ്മേളനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നതും സമിതിയായിരിക്കും. യു എ ഇ യിലെ പണ്ഡിതർക്കു പുറമെ കാലിഫോർണിയ സൈതൂന കോളേജ് പ്രസിഡൻറ് അമേരിക്കൻ ഇസ്ലാമിക പണ്ഡിതൻ ഹംസ യൂസഫ്, ഇന്തോനേഷ്യൻ പണ്ഡിതൻ പ്രഫ. അമാനി ബുർഹാനുദ്ദിൻ എന്നിവരും സമിതിയിൽൽ അംഗങ്ങളാണ്.
