ദീപാവലി ആശംസ അറിയിച്ച് യു.എ.ഇ ഭരണാധികാരികൾ
text_fieldsദുബൈ: യു.എ.ഇയിലും ലോകത്താകമാനവും ദീപാവലി ആഘോഷിക്കുന്നവർക്ക് ആശംസകൾ അറിയിച്ച് യു.എ.ഇ ഭരണാധികാരികൾ.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ സാമൂഹിക മാധ്യമങ്ങളിലൂടെ ആശംസാ സന്ദേശങ്ങൾ പങ്കുവെച്ചു. അറബിക്കിനും ഇംഗ്ലീഷിനും പുറമെ, ഹിന്ദിയിലും സന്ദേശം പങ്കുവെച്ച സന്ദേശത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ്, വരുംകാലം എല്ലാവർക്കും സമാധാനവും ആരോഗ്യവും സമൃദ്ധിയും നിറഞ്ഞതാകട്ടെയെന്ന് ആശംസിച്ചു.
ഇന്ത്യൻ ആഘോഷമായ ദീപാവലിയോടനുബന്ധിച്ച് യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ നിരവധി പരിപാടികൾ നടന്നുവരുന്നുണ്ട്. വിനോദ കേന്ദ്രങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

