വോൾഗ മെഗാ കപ്പ് കാത്തിരിക്കുന്നത് വമ്പൻ ട്രോഫി
text_fieldsദുബൈ: ഞായറാഴ്ച ദുബൈ ഇത്തിസാലാത്ത് അക്കാദമി മൈതാനത്ത് നടക്കുന്ന വോൾഗ മെഗാ കപ്പ് ഫുട്ബാൾ ടൂർണമെന്റ് വിജയികളെ കാത്തിരിക്കുന്നത് വമ്പൻ ട്രോഫി. കേരളത്തിൽനിന്ന് പ്രത്യേകം രൂപകൽപന ചെയ്ത് എത്തിച്ചതാണ് ട്രോഫികൾ. വിജയികൾക്ക് നൽകുന്ന ട്രോഫിക്ക് 75 സെ.മീ. ഉയരവും 71 സെ.മീ. വീതിയുമുണ്ട്. രണ്ടാം സ്ഥാനക്കാരുടെ ട്രോഫിക്ക് 66 സെ.മീ. ഉയരവും 63 സെ.മീ. വീതിയുമുണ്ട്. സ്വർണ, വെള്ളി നിറങ്ങളിലാണ് ട്രോഫി നിർമിച്ചിരിക്കുന്നത്. വോൾഗയുടെ ലോഗോ പതിച്ച ട്രോഫി കേരളത്തനിമയോടെയാണ് നിർമിച്ചിരിക്കുന്നത്. സംഘാടകർ ചേർന്ന് കഴിഞ്ഞ ദിവസം ട്രോഫി ഏറ്റുവാങ്ങിയിരുന്നു.
ഇതിനുപുറമെ, മൂന്ന്, നാല് സ്ഥാനക്കാർക്കും ട്രോഫി നൽകുന്നുണ്ട്. ടൂർണമെന്റിലെ മികച്ച താരം, പ്രതിരോധ താരം, ഗോൾ കീപ്പർ എന്നിവർക്കും സമ്മാനങ്ങൾ നൽകും. യു.എ.ഇയിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ‘ഗൾഫ് മാധ്യമം’ മീഡിയ പാർട്ണറാണ്. കഫെയിൽ രജിസ്റ്റർ ചെയ്ത ക്ലബുകളാണ് പങ്കെടുക്കുന്നത്. ചാമ്പ്യന്മാർക്ക് ട്രോഫിക്ക് പുറമെ 12,000 ദിർഹമും സമ്മാനം നൽകും. റണ്ണർഅപ്പിന് 6000 ദിർഹം, മൂന്നാം സ്ഥാനക്കാർക്ക് 3000 ദിർഹം, നാലാമതെത്തുന്നവർക്ക് 1500 ദിർഹം എന്നിങ്ങനെയാണ് സമ്മാനത്തുക. കൂടുതൽ വിവരങ്ങൾക്ക് 0565774365 , 0564156417, 0502136843 നമ്പറുകളിൽ ബന്ധപ്പെടണം.

