വയനാട് ദുരന്തം; അനുശോചനമറിയിച്ച് യു.എ.ഇ
text_fieldsഉരുൾപൊട്ടലിനെ തുടർന്ന് മണ്ണ് മൂടിയ ചൂരൽമല വെള്ളാർമല സ്കൂൾ പരിസരം
ദുബൈ: വയനാട്ടിൽ നിരവധിപേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലിൽ അനുശോചനമറിയിച്ച് യു.എ.ഇ. കേരളത്തിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്ത്യൻ ജനതക്കും സർക്കാറിനും ഇരകളായവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും അനുശോചനവും ഐക്യദാർഢ്യവും അറിയിക്കുന്നതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പരിക്കേറ്റവർക്ക് അതിവേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും അധികൃതർ ആശംസിച്ചു. കേരളത്തിലെ കനത്ത മഴയുടെ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ കോൺസുലേറ്റ് വൃത്തങ്ങൾ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു.
ഷാർജയിലെ പരിപാടി മാറ്റിവെച്ചു
ഷാർജ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ബുധനാഴ്ച നടത്താനിരുന്ന റഫി നൈറ്റ് പരിപാടി മാറ്റിവെച്ചതായി ദർശന കലാസാംസ്കാരിക വേദി രക്ഷാധികാരി പുന്നക്കൻ മുഹമ്മദലി അറിയിച്ചു.

