ലോകകപ്പ് യോഗ്യത: യു.എ.ഇക്ക് തകർപ്പൻ ജയം
text_fieldsഖത്തറിനെ തോൽപിച്ച യു.എ.ഇ ടീമിന്റെ ആഹ്ലാദം
അബൂദബി: ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിൽ ഖത്തറിനെതിരെ യു.എ.ഇക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച അബൂദബിയിൽ നടന്ന മത്സരത്തിൽ പത്താം നമ്പർ താരം ഫാബിയോ ലിമ നാല് ഗോളുമായി കളം നിറഞ്ഞാടിയപ്പോൾ 5-0ത്തിന് ഖത്തറിന് വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. നാലാം മിനിറ്റിൽ തുടങ്ങിയ ഗോളടിയുമായി മേധാവിത്വം സ്ഥാപിച്ച ഇമാറാത്തി സംഘം അവസാന മിനിറ്റു വരെ കളം വാണു. 45, 45+5, 56 മിനിറ്റുകളിലായി ഫാബിയോ ലി സ്കോർ ചെയ്തു.
73ാം മിനിറ്റിൽ യഹ്യ അൽ ഗസാനി കൂടി ലക്ഷ്യം കണ്ടതോടെ ഖത്തറിന്റെ തോൽവി ഉറപ്പിച്ചു. പ്രതിരോധത്തിലെ പിഴവുകളും, മുന്നേറ്റ നിരയിലേക്ക് പന്തൊഴുക്ക് തടസ്സപ്പെട്ടതും അന്നാബികൾക്ക് തിരിച്ചടിയായി മാറി. ലോകകപ്പ് യോഗ്യത റൗണ്ടിൽ ആദ്യ രണ്ടിൽ ഇടംപിടിക്കാൻ ശേഷിച്ച മത്സരങ്ങളിൽ വിജയം അനിവാര്യമായ ഖത്തറിന് തോൽവി ക്ഷീണമായി മാറും. 10 പോയന്റുമായി യു.എ.ഇ ശക്തമായ നിലയിലാണ്. യു.എ.ഇയുടെ ആധികാരിക ജയം ലോകകപ്പ് ഫുട്ബാൾ യോഗ്യത പ്രതീക്ഷകൾക്ക് നിറം പകരും.

