നയൻതാരയുടെ ഏറ്റവും വിലപിടിപ്പുള്ള സമ്പാദ്യം; 50 കോടി വിലയുള്ള പ്രൈവറ്റ് ജെറ്റിന്റെ ചിത്രങ്ങൾ വൈറൽ
text_fieldsദക്ഷിണേന്ത്യൻ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് നയൻതാര. സമ്പത്തിന്റെയും പ്രശസ്തിയുടേയും അത്യുന്നതങ്ങളിലേക്കുള്ള നയൻതാരയുടെ വളർച്ച പെട്ടെന്നായിരുന്നില്ല. 200 കോടിക്കു മുകളിലാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ. ആഢംബര വാഹനങ്ങളും വസതികളുമെല്ലാം നയൻതാരയ്ക്ക് സ്വന്തമായുണ്ട്. മാത്രമല്ല, സ്വന്തമായി പ്രൈവറ്റ് ജെറ്റും താരം വാങ്ങിയിട്ടുണ്ട്. ഈ ജെറ്റിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള നടിയാണ് നയന്‍താര. ദക്ഷിണേന്ത്യയില്‍ പ്രൈവറ്റ് ജെറ്റ് സ്വന്തമായിട്ടുള്ള ഏക നടിയെന്ന വിശേഷണവും നയന്‍താരയ്ക്ക് സ്വന്തമാണ്. 50 കോടിയില്‍ അധികമാണ് നയന്‍താരയുടെ പ്രൈവറ്റ് ജെറ്റിന്റെ വില. നയന്‍താര തന്റെ അവധിക്കാലം ആഘോഷിക്കാന്‍ പോകുമ്പോഴാണ് കൂടുതലായും ഈ വിമാനം ഉപയോഗിക്കാറുള്ളത്. നയന്‍സും ഭര്‍ത്താവ് വിഗ്നേഷ് ശിവനും ജെറ്റിന്റെ ഉള്ളില്‍ നിന്നുള്ള ചിത്രങ്ങൾ പലതവണ പങ്കുവെച്ചിട്ടുണ്ട്.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആഢംബര ജെറ്റാണ് നയൻതാര സ്വന്തമാക്കിയത്. ഇതുകൂടാതെ, 1.76 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു 7 സീരീസ്, ഒരു കോടി വിലമതിക്കുന്ന മെഴ്സിഡസ് ജിഎൽഎസ് 350 ഡി, ബിഎംഡബ്ല്യു 5 സീരീസ് എന്നിങ്ങനെ നിരവധി ഹൈ എൻഡ് വാഹനങ്ങളുടെ ഉടമ കൂടിയാണ് മലയാളിയായ ഈ നടി. പ്രിയങ്ക ചോപ്ര, ശിൽപ ഷെട്ടി, മാധുരി ദീക്ഷിത്ത്, തുടങ്ങിയവരാണ് സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ള മറ്റ് ഇന്ത്യൻ നടിമാർ.
ഷാരൂഖ് ഖാന് നായകനായ ജവാന്റെ വമ്പന്‍ വിജയം ആഘോഷിക്കുകയാണ് നയൻതാരയിപ്പോൾ. ആയിരം കോടി കലക്ഷൻ നേടുന്ന ചിത്രത്തിന്റെ നായികയെന്ന നേട്ടവും താരത്തിനുണ്ട്. ലേഡി സൂപ്പർ സ്റ്റാർ 75, ദി ടെസ്റ്റ്, ഇരൈവൻ, തനി ഒരുവൻ 2 തുടങ്ങിയവയാണ് നയൻതാരയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.

