ചെന്നിത്തലയുടെ കത്ത് കിട്ടിയിട്ടില്ലെന്ന് മുകുൾ വാസ്നിക്
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കേരളത്തിെൻറ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്. കത്ത് അയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇനിയും വിവാദം തുടരുന്നതിൽ അർഥമില്ലെന്നും മുകുൾ വാസ്നിക് വാർത്താക്കുറിപ്പിൽ അറിയിച്ചു.
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രതിച്ഛായ പൂർണമായും തകർന്നു എന്ന് ആരോപിക്കുന്ന കത്താണ് കഴിഞ്ഞദിവസം പുറത്തുവന്നത്. രമേശ് ചെന്നിത്തലയുടെ പേരിലാണ് കത്ത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെയും ഇതിൽ വിമർശമുണ്ട്.
എന്നാൽ കത്ത് തൻറേതല്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. വ്യാജ കത്താണെന്നും അന്വേഷണം വേണമെന്നുമായിരുന്നു ചെന്നിത്തല നിലപാട് സ്വീകരിച്ചത്. എന്നാൽ പാർട്ടി നേരിടുന്ന പ്രശ്നങ്ങളിൽ തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയേണ്ട വേദികളിൽ ഉന്നയിക്കുമെന്നും ചെന്നിത്തല അറിയിച്ചു.
