ആരോപണങ്ങൾ വ്യാജം; മുംബൈ പൊലീസിൽ വിശ്വാസമില്ലെന്ന് ഛോട്ടാ രാജൻ
text_fieldsബാലി: മുംബൈ പൊലീസിൽ വിശ്വാസമില്ലെന്ന് കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജൻ. വ്യാജ ആരോപണങ്ങളാണ് തനിക്കെതിരെ മഹരാഷ്ട്ര പൊലീസ് ഉന്നയിക്കുന്നത്. ഇന്തോനേഷ്യയിൽ നിന്ന് തന്നെ ഡൽഹിയിലേക്ക് കൊണ്ടു പോകണം. മുംബൈ പൊലീസ് ഉദ്യോഗസ്ഥർക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടാകാം. പൊലീസിൽ നിന്ന് തനിക്ക് നീതി ലഭിക്കില്ലെന്നും ഛോട്ടാ രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോബർ 25-ന് ഇന്തോനേഷ്യയിലെ ബാലിയിലാണ് കുപ്രസിദ്ധ അധോലോക കുറ്റവാളിയായ ഛോട്ടാ രാജൻ അറസ്റ്റിലായത്. ഛോട്ടാ രാജനെ ഡൽഹിയിലെത്തിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇതിനായി സി.ബി.ഐ ഉദ്യോഗസ്ഥരും ഡൽഹി, മുംബൈ പൊലീസും അടക്കമുള്ള ഇന്ത്യൻ സംഘം ഞായറായ്ച തന്നെ ബാലിയിലെത്തിയിട്ടുണ്ട്. ഛോട്ടാ രാജന്‍റെ വിചാരണാ നടപടികള്‍ക്കായി മുംബൈയിലെ യെർവാദ ജയിലിൽ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.
ഛോട്ടാ രാജനെ വിട്ടുകിട്ടാനായി കേസുകൾ സംബന്ധിച്ച രേഖകളുടെ ഇംഗ്ലീഷിലും ഇന്തോനേഷ്യൻ ഭാഷയായ ബഹസയിലുമുള്ള പരിഭാഷ മുംബൈ പൊലീസ് ബാലി പൊലീസ് അധികൃതർക്ക് കൈമാറും. ഇന്ത്യയിൽ കൊലപാതകവും മയക്കുമരുന്ന് കടത്തുമടക്കമുള്ള എഴുപതോളം കേസുകളിൽ പ്രതിയാണ് രാജൻ.