ഐ.എസ് പിറവി ഇറാഖ് ആക്രമണത്തില്‍ നിന്ന്– ശിവസേന
text_fields
മുംബൈ: ഇസ്ലാമിക് സ്റ്റേറ്റ് എന്ന ‘രാക്ഷസി’യുടെ പിറവി അമേരിക്കയുടെ ഇറാഖ് ആക്രമണത്തില്നിന്നെന്ന് ശിവസേന. ‘സാമ്ന’യിലെഴുതിയ മുഖപ്രസംഗത്തിലാണ് പരാമര്‍ശം. സ്വന്തം താല്പര്യത്തിനു വേണ്ടിയായിരുന്നു അമേരിക്ക ഇറാഖിനെ നശിപ്പിക്കുകയും സദ്ദാം ഹുസൈനെ കൊല്ലുകയും ചെയ്തതെന്ന് പറഞ്ഞ സേന അന്ന് ഫ്രാന്‍സ് കുറ്റകൃത്യത്തില്‍ പങ്കാളിയായെന്നും പറയുന്നു.
പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഭീകരവേട്ട അവരുടെ താല്പര്യമനുസരിച്ച് മാത്രമാണെന്നും അതിനാല്‍, ഇന്ത്യ സ്വന്തം നിലയില്‍ ഭീകരവേട്ട നടത്തണമെന്നും ‘സാമ്ന’ ആവശ്യപ്പെടുന്നു. കശ്മീരില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍െറ കൊടി പാറിച്ചത് പാരിസ് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ അതീവ ഗൗരവമായി കാണണമെന്നും മുഖപ്രസംഗത്തിലുണ്ട്.
ഫ്രാന്‍സിലും ഇന്ത്യയിലും മുസ്ലിം ജനസംഖ്യ പെരുകുന്നതില്‍ ആശങ്കയും സേന പ്രകടിപ്പിച്ചു.
പെരുകുന്ന മുസ്ലിം ജനസംഖ്യയെ തടുക്കാന്‍ ഫ്രാന്‍സ് ശ്രമിക്കുമ്പോള്‍ മുസ്ലിം ജനസംഖ്യാ പ്രതിഭാസത്തിനു മുന്നില്‍ ഇന്ത്യ കുമ്പിടുകയാണ് ചെയ്യുന്നതെന്ന് പരിഹസിക്കുകയും ചെയ്തു.