പശുവിനെ കൊല്ലുന്നവർ രാജ്യത്തിന്‍റെ ശത്രുക്കൾ -ഹരീഷ് റാവത്ത്
text_fieldsഹരിദ്വാർ: പശുവിനെ കൊല്ലുന്നവർ രാജ്യത്തിന്‍റെ ശത്രുക്കളാണെന്നും അവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്നും കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. പശുവിനെ കൊല്ലുന്നവർ ആരാണെങ്കിലും അവർ ഏത് ജാതിയിൽപ്പെട്ടവരാണെങ്കിലും രാജ്യത്തിന്‍റെ ശത്രുക്കളാണെന്നും ഹരീഷ് റാവത്ത് പറഞ്ഞു. ഹരിദ്വാറിൽ ഗോപാഷ്ടമി ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശുക്കളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കഴിയുന്നതെല്ലാം ചെയ്യും. ഗോവധ നിരോധ നിയമം കൊണ്ടുവരാനുള്ള നിർദേശത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. പശുത്തൊഴുത്തുകൾ നിർമിക്കാൻ സ്ഥലം നൽകിയ ഏക സംസ്ഥാനം ഉത്തരാഖണ്ഡാണെന്നും റാവത്ത് വ്യക്തമാക്കി.
രാജ്യത്ത് പശുവിനെ കശാപ്പ് ചെയ്യുന്നതിനും ഇറച്ചി വിൽക്കുന്നതിനും എതിരെ സംഘപരിവാർ സംഘടനകൾ രംഗത്തുവരുന്ന സാഹചര്യത്തിൽ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
