അഖ് ലാക്കിന്‍റെ കുടുംബത്തിന് നോയിഡയിൽ നാല് ഫ്ളാറ്റുകൾ കൈമാറി
text_fieldsന്യൂഡൽഹി: ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ് ലാക്കിന്‍റെ കുടുംബത്തിന് ഗ്രേറ്റര്‍ നോയിഡയില്‍ ഫ്‌ളാറ്റുകള്‍ കൈമാറി. ഒരു ബെഡ്റൂമുള്ള നാല് ഫ്ലാറ്റുകളാണ് അഖ് ലാക്കിന്‍റെ ഭാര്യ ഇക്‌റമന്‍, സഹോദരന്മാരായ ജാന്‍ മുഹമ്മദ്, അഫ്ല്‍ മുഹമ്മദ്, സമീല്‍ മുഹമ്മദ് എന്നിവരുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ലഭിച്ച 9.5 ലക്ഷം രൂപ അഖ് ലാക്കിന്‍റെ കുടുംബം ഫ്‌ളാറ്റിനായി നല്‍കിയിരുന്നു. 20,-24 ലക്ഷം രൂപ വിലമതിക്കുന്ന ഫ്‌ളാറ്റുകള്‍ ഇവർക്കായി സർക്കാർ വിലകുറച്ച് നൽകുകയായിരുന്നു. വാഗ്ദാനം ചെയ്ത് മാസങ്ങൾക്ക് ശേഷമാണ് ഇവർക്ക് ഫ്ളാറ്റ് ലഭിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് രാജ്യത്തെ നടുക്കിയ ദാദ്രി കൊലപാതകം നടന്നത്. പിന്നീടു നടന്ന അന്വേഷണത്തില്‍ അഖ് ലാക്കിന്‍റെ വീട്ടിൽ പശുവിറച്ചി ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞിരുന്നു.
