സൽമാന്‍റെ ശിക്ഷ റദ്ദാക്കിയതിനെതിരെ മഹരാഷ്ട്ര പുനഃപരിശോധനാ ഹരജി നൽകി
text_fieldsന്യൂഡൽഹി: വാഹനാപകട കേസില്‍ നടൻ സൽമാൻ ഖാന്‍റെ ശിക്ഷ റദ്ദാക്കിയ ബോംബെ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകി. മഹരാഷ്ട്ര സർക്കാരാണ് പുനഃപരിശോധനാ ഹരജി സമർപ്പിച്ചത്. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
2015 ഡിസംബർ 10നാണ് സൽമാന്‍റെ ശിക്ഷ റദ്ദാക്കി കൊണ്ട് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണ കോടതിയുടെ ഭാഗത്തു നിന്ന് വലിയ വീഴ്ചകൾ ഉണ്ടായിയെന്നും മൊഴി വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി നടപടി.
2002ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് സല്‍മാന്‍ ഖാന്‍ കാറോടിച്ചുവെന്നും അമിതവേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബാന്ദ്രയിലെ അമേരിക്കന്‍ ബേക്കറിയുടെ നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നുമാണ് കേസ്. അപകടത്തില്‍ ബേക്കറി ജീവനക്കാരന്‍ മരിക്കുകയും മറ്റ് നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
