മല്യയുടെ 6600 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
text_fieldsന്യൂഡൽഹി: ഇന്ത്യ തേടുന്ന സാമ്പത്തിക കുറ്റവാളിയും വിവാദ മദ്യരാജാവുമായ വിജയ്മല്യയുടെ 6600 കോടിയുടെ വസ്തുവകകളും ഷെയറുകളും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ 200 കോടി വിലയുള്ള ഫാംഹൗസ്, ബംഗളുരുവിലെ 800 കോടിരൂപ വിലമതിക്കുന്ന കെട്ടിടങ്ങൾ, മാളുകൾ, 3000 കോടിയുടെ യു.ബി.എൽ, യു.എസ്.എൽ ഷെയറുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
2010ലെ വിലനിലവാരം കണക്കാക്കിയാണ് എൻഫോഴ്സ്മെൻറ് വസ്തുവകകളുടെ മൂല്യം നിശ്ചയിച്ചിരിക്കുന്നതെങ്കിലും അവയുടെ നിലവിലെ മൂല്യം 6600 കോടിയാണ്. ഇത് മല്യയെ സംബന്ധിച്ചിടിത്തോളം കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിവിധ ബാങ്കുകളിൽ നിന്നായി 9000 കോടി രൂപ കുടിശ്ശിക വരുത്തിയശേഷം ഇന്ത്യയിൽ നിന്നും ഒളിച്ചോടിയ മല്യ നിലവിൽ ലണ്ടനിൽ കഴിയുകയാണ്. മല്യക്കെതിരെ ബാങ്കുകളുടെ കൺസോർഷ്യം നൽകിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിരവധി തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത മല്യയുടെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.
മല്യയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കിങ്ഫിഷർ വിമാനക്കമ്പനി രാജ്യത്തെ വിവിധ ഏർപ്പോർട്ട് മാനേജ്മെൻറുകൾക്ക് നൽകിയ വണ്ടിച്ചെക്കുകൾ മടങ്ങിയ കേസിലാണ് ഇയാൾക്കെതിരെ ഡൽഹീ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
