ബി.ജെ.പിയിൽ ചേർന്ന 50ഒാളം പ്രവർത്തകരെ തൃണമൂൽ തിരിച്ചെടുത്തു
text_fieldsകൊൽക്കത്ത: ബംഗാളിലെ ബിർഭൂം ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയിൽ ചേർന്ന 50ഒാളം പ്രവർത്തകരെ തൃണമൂൽ കോൺഗ്രസിൽ തിരിച്ചെടുത്തു. തങ്ങളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടർന്നാണ് പാർട്ടിയിൽ പുനഃപ്രവേശനം സാധ്യമായത്. ഈ മാസം ആദ്യത്തിൽ ബി.ജെ.പി പ്രവർത്തകർ പാർട്ടി വിട്ട് തൃണമൂലിലേക്ക് മടങ്ങാൻ തീരുമാനിച്ചതായി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
'മമതയുടെ കീഴിൽ മാതൃഭൂമിക്കുവേണ്ടി ജനങ്ങൾക്കൊപ്പം' പ്രവർത്തിക്കുമെന്നായിരുന്നു അവരുടെ പ്രഖ്യാപനം. അതിെന്റ തുടർച്ചയായി ജില്ലയിലെ ഇല്ലംബസാർ പ്രദേശത്ത് അസംതൃപ്തരായ ബി.ജെ.പി പ്രവർത്തകർ തൃണമൂൽ ഓഫിസിന് പുറത്ത് ധർണ നടത്തി. തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടി മാറിയതിൽ ഖേദിക്കുന്നുവെന്ന് എഴുതിയ പോസ്റ്ററുകൾ ൈകയിലേന്തിയായിരുന്നു ധർണ. തുടർന്ന് 50ഓളം പ്രവർത്തകരെ തിരിച്ചെടുത്തതായി തൃണമൂലിെൻറ പ്രാദേശിക നേതാവ് അറിയിക്കുകയായിരുന്നു.

