എയർ ഇന്ത്യയിൽ 900 പൈലറ്റ് നിയമനം
text_fieldsന്യൂഡൽഹി: എയർ ഇന്ത്യ 900 പൈലറ്റുമാരെയും 4200 കാബിൻ ജീവനക്കാരെയും നിയമിക്കുന്നു. ബോയിങ്, എയർബസ് കമ്പനികളിൽനിന്ന് 470 വിമാനങ്ങൾ വാങ്ങാനുള്ള കരാർ പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണ് ജീവനക്കാരുടെ എണ്ണം കൂട്ടൽ പ്രഖ്യാപിച്ചത്. 36 വിമാനങ്ങൾ വാടകക്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആഭ്യന്തര- അന്താരാഷ്ട്ര സർവിസുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതെന്ന് എയർ ഇന്ത്യ വാർത്തകുറിപ്പിൽ വ്യക്തമാക്കി. 2022 മേയ്- 2023 ഫെബ്രുവരി കാലയളവിൽ 1900ലധികം കാബിൻ ജീവനക്കാരെ നിയമിച്ചിരുന്നു. കൂടുതൽ മെയിന്റനൻസ് എൻജിനീയർമാരെയും നിയമിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ ഇൻ ഫ്ലൈറ്റ് സർവിസസ് മേധാവി സന്ദീപ് വർമ പറഞ്ഞു. 15 ആഴ്ചയാണ് കാബിൻ ജീവനക്കാർക്ക് പരിശീലനം നൽകുന്നത്.

