ലഹരിക്കടത്ത് കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
text_fieldsപ്രതി അഫ്സൽ
കാളികാവ്: നിരവധി ലഹരിമരുന്ന് കടത്ത് കേസുകളിൽ പ്രതിയായ ചോക്കാട് പരുത്തിപ്പറ്റ സ്വദേശി ചെറളക്കോടൻ അഫ്സൽ എന്ന പുണ്ടാലു അഫ്സലിനെ (32) കാളികാവ് പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ വി.ആർ. വിനോദാണ് നടപടി സ്വീകരിച്ചത്.
ബംഗളൂരുവിൽ ജോലി ചെയ്യുന്നവരെയും വിദ്യാർഥികളെയും കാരിയറാക്കി കേരളത്തിലേക്ക് എം.ഡി.എം.എ പോലുള്ള രാസ ലഹരികൾ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അഫ്സൽ. ലഹരി കടത്തിയതിന് എക്സൈസിലും പൊലീസിലും നിരവധി കേസുകൾ നിലവിലുണ്ട്.
എം.ഡി.എം.എ കൈവശം വെച്ചതിന് കാളികാവ് പോലീസ് അറസ്റ്റ് ചെയ്ത പ്രതി അഞ്ച് മാസത്തെ ജയിൽവാസത്തിനു ശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയത്. എസ്.ഐ ശശികുമാറിന്റെ നേതൃത്വത്തിൽ കാളികാവ് പൊലീസും നിലമ്പൂർ ഡാൻസാഫും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

