ബി.ജെ.പി നേതാവുമായി കൂടിക്കാഴ്ച നടത്തി മിഥുൻ ചക്രവർത്തി; മോദിയുടെ റാലിയിൽ പങ്കെടുക്കും
text_fieldsകൊൽക്കത്ത: നടൻ മിഥുൻ ചക്രവർത്തി ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങൾ പരക്കെ പാർട്ടി ജനറൽ സെക്രട്ടറി കൈലാശ് വിജയവാർഗിയയുമായി താരം കൂടിക്കാഴ്ച നടത്തി. കൊൽക്കത്തയിൽ പ്രധാനമന്ത്രി നേരന്ദ്രമോദി പങ്കെടുക്കുന്ന റാലിയിൽ മിഥുൻ ചക്രവർത്തി പങ്കെടുക്കും.
ബെൽഗാചിയയിലെ വസതിയിലായിരുന്നു വിജയവാർഗിയയുടെയും മിഥുൻ ചക്രവർത്തിയുടെയും കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ റാലിയിൽ അദ്ദേഹം പെങ്കടുക്കുമെന്ന് വിജയവാർഗിയ പറഞ്ഞു.
'ഞാൻ ഫോണിലൂടെ മിഥുൻ ചക്രവർത്തിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഇന്ന് ഞങ്ങൾക്കൊപ്പം വരും. അദ്ദേഹവുമായി വിശദ ചർച്ച നടത്തിയ ശേഷമേ അഭിപ്രായം പറയാൻ കഴിയൂ' -അഭ്യൂഹങ്ങൾക്ക് മറുപടിയായി നേരത്തേ വിജയവാർഗിയ പ്രതികരിച്ചിരുന്നു.
തൃണമൂൽ കോൺഗ്രസ് എം.പിയായിരുന്നു മിഥുൻ ചക്രവർത്തി. അഴിമതിയിൽ ആരോപണവിധേയനായതിനെ തുടർന്ന് നാലുവർഷമായി രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നു അദ്ദേഹം. കടുത്ത ഇടത് അനുഭാവിയായിരുന്ന മിഥുൻ ചക്രവർത്തി പിന്നീട് തൃണമൂൽ ടിക്കറ്റിൽ രാജ്യസഭയിലെത്തുകയായിരുന്നു.

