
അമിത് ഷായുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്; എയിംസിൽ നിരീക്ഷണത്തിൽ തുടരും
text_fieldsന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഒരാഴ്ചക്കിടെ നടത്തിയ രണ്ടു കോവിഡ് പരിശോധനകളിലും ഫലം നെഗറ്റീവ്. നേരത്തേ കോവിഡ് ഭേദമായ അമിത് ഷായെ ക്ഷീണവും ശരീര തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെവെച്ച് നടത്തിയ രണ്ടു പരിശോധനയിലും കോവിഡ് ഫലം നെഗറ്റീവാണെന്ന് 'ദ പ്രിൻറ്' ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
ആഗസ്റ്റ് 17നാണ് കോവിഡ് ഭേദമായശേഷം വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിൻെറ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.
ഗുരുതര പ്രമേഹ ബാധയുള്ള അമിത് ഷാ എയിംസിൽ നിരീക്ഷണത്തിൽ തുടരും. ആശുപത്രിയിൽ വെച്ചുതന്നെ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ആഗസ്റ്റ് രണ്ടിനാണ് അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് 12ദിവസം ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
