ബംഗാൾ ഉൾക്കടലിൽ 'അസാനി' ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ അഞ്ച് ദിവസം കൂടി മഴക്ക് സാധ്യത
text_fieldsതെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്ന ന്യൂനമർദ്ദം ഇന്ന് രാവിലെ 5.30ഓടെ തെക്കൻ ആൻഡാമാൻ കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതേത്തുടർന്ന് ബംഗാൾ ഉൾക്കടലിൽ 'അസാനി' ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
കാർ നിക്കോബർ ദ്വീപിൽ നിന്നു 80 കി.മീ വടക്ക് - വടക്ക് പടിഞ്ഞാറായും പോർട്ട്‌ബ്ലയറിൽ നിന്ന് 210 കി.മീ തെക്ക്- തെക്ക് പടിഞ്ഞാറായും സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.
തീവ്രന്യൂന മർദ്ദം ചുഴലിക്കാറ്റായി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച 'അസാനി' (Asani) എന്ന പേരിലാകും ഇത് അറിയപ്പെടുക.

