അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ കെട്ടിയിട്ട് മർദിച്ചു
text_fieldsനവാഡ: ബിഹാറിൽ അന്യജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടിയ പതിനെട്ടുകാരിയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി. പട്നയിൽ നിന്നും 117 കിലോമീറ്റർ അകലെയുള്ള നവാഡയിലാണ് സംഭവം നടന്നത്.
അന്യജാതിയിൽ പെട്ട യുവാവുമായി ഒന്നര വർഷമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. യുവാവിനൊപ്പം ഗ്രാമംവിട്ട പെൺകുട്ടിയെ പിതാവും ബന്ധുക്കളും ചേർന്ന് പിടിച്ചുകൊണ്ടുവരികയായിരുന്നു. ഗ്രാമത്തിൽ നാട്ടുകൂട്ടം ചേർന്ന് ശിക്ഷയായി പെൺകുട്ടിയെ കെട്ടിയിട്ട് മർദിക്കാൻ ഉത്തരവിട്ടു. തുടർന്ന് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ചേർന്ന് പെൺകുട്ടിയെ കെട്ടിയിട്ട് അബോധവസ്ഥയിലാകുന്നവരെ മർദിക്കുകയായിരുന്നു.
പെൺകുട്ടിയെ മർദിക്കുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടിയെ അടിക്കുന്നതും അവശയായ ശേഷം വെള്ളം കൊടുക്കുന്നതും മാതാവ് ഉൾപ്പെടെയുള്ളവർ വഴക്കു പറയുന്നതുമായ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. സ്വജാതിയിൽപെട്ട വരനെ ആവശ്യമുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
