'ബിനീഷ് കോടിയേരിക്ക് ജാമ്യത്തിന് അവധിക്കാല ബെഞ്ചിനെ സമീപിക്കാം'
text_fieldsബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ജാമ്യത്തിനായി ആവശ്യമെങ്കിൽ അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കര്‍ണാടക ഹൈകോടതി. അതല്ലെങ്കിൽ മധ്യവേനലവധി കഴിഞ്ഞശേഷം ജാമ്യാപേക്ഷ പരിഗണിക്കേണ്ടിവരുമെന്നും ഹൈകോടതി അറിയിച്ചു. ഏപ്രിൽ 26 മുതൽ മേയ് 24വരെയാണ് കോടതിക്ക് മധ്യവേനലവധി. ഏപ്രിൽ 28 മുതൽ അവധിക്കാല ബെഞ്ച് ആരംഭിക്കും. ഈ സാഹചര്യത്തിലാണ് അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈകോടതി നിർദേശിച്ചത്.
ബിനീഷിെൻറ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വൈകീട്ട് ഹരജി പരിഗണിച്ചപ്പോൾ വാദിക്കാൻ രണ്ടു മണിക്കൂർ വേണമെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശ് രാജു ഹൈകോടതിയെ അറിയിച്ചു. എന്നാൽ, കോടതി സമയം കഴിഞ്ഞുപോകുമെന്നതിനാൽ ഇതിന് അനുവാദം നൽകിയില്ല. നേരത്തേ രണ്ടുതവണ ബംഗളൂരു സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പിതാവിെൻറ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചത്.

