ഒരിക്കൽ പരാമർശിച്ച ഹരജി വീണ്ടും പരാമർശിച്ചതിന് ബി.ജെ.പി നേതാവിന് വിമർശനം
text_fieldsന്യൂഡൽഹി: ഒരിക്കൽ പരാമർശിച്ച ഹരജി അടിയന്തരമായി കേൾക്കാൻ വിസമ്മതിച്ചിട്ടും വീണ്ടും പരാമർശിച്ചതിന് ബി.ജെ.പി നേതാവ് അശ്വിനികുമാർ ഉപാധ്യായയെ സുപ്രീംകോടതി വിമർശിച്ചു.
പിൻവലിച്ച 2000 രൂപ നോട്ടുകൾ തിരിച്ചെടുക്കാൻ തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കണമെന്ന ഹരജിയാണ് ഒരാഴ്ചക്കിടെ രണ്ടു തവണ പരാമർശിച്ചത്. ഈ ആവശ്യമുന്നയിച്ച് സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളിയതിനെ തുടർന്നാണ് ഉപാധ്യായ സുപ്രീംകോടതിയിലെത്തിയത്.
ഈ ഹരജി അവധി കഴിഞ്ഞ് സുപ്രീംകോടതി തുറന്ന ശേഷം പരാമർശിക്കാനായിരുന്നു താങ്കളോട് പറഞ്ഞിരുന്നതെന്ന് ജസ്റ്റിസ് രാജേഷ് ബിൻദൽ അശ്വിനി കുമാറിനെ ഓർമിപ്പിച്ചു. പിന്നെങ്ങനെയാണ് വീണ്ടും ഇത് പരാമർശിച്ചതെന്ന് ബെഞ്ച് ചോദിച്ചു.

